ചണ്ഡീഗഢ്: പഞ്ചാബിൽ ഇനി മുതൽ എംഎൽഎമാർക്ക് ഒരു ടേമിന് മാത്രമേ പെൻഷൻ നൽകൂ. മുഖ്യമന്ത്രി ഭഗവന്ത് മാനാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ആയിരത്തിലേറെ കോടി രൂപയാണ് മുൻ എംഎൽഎമാർക്ക് പെൻഷൻ നൽകാൻ ചെലവഴിക്കുന്നത്. എന്നാൽ പുതിയ തീരുമാനത്തിലൂടെ ഈ പണം പഞ്ചാബിലെ സാധരണക്കാർക്കായി മാറ്റിവെയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പലതവണ എംഎൽഎ ആയവർ പിന്നീട് എംപിയായി അതിനൊപ്പം എംഎൽഎ പെൻഷൻ കൂടി വാങ്ങുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയാണ്. മുൻ എംഎൽഎമാർ അവർ രണ്ടു തവണയോ അതിൽ കൂടുതൽ തവണയോ ജയിച്ചവർ ആയാലും ഒരു തവണത്തേക്ക് മാത്രമേ പെൻഷൻ നൽകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
75,000 രൂപയോളമാണ് മുൻ എംഎൽഎമാർക്ക് ഇനി പെൻഷനായി ലഭിക്കുക. ഓരോ തവണയ്ക്കും 66 ശതമാനം തുക അധികം ലഭിക്കുന്നതാണ് നിലവിലെ രീതി. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരും പഞ്ചാബിലുണ്ട്. ഈ സാഹചര്യത്തിലാണ് പഞ്ചാബ് സർക്കാർ പുതിയ നടപടികൾ സ്വീകരിച്ചത്.

