കേരള ബാർ കൗൺസിൽ ക്ഷേമനിധി ക്രമക്കേട്; കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

കൊച്ചി: കേരള ബാർ കൗൺസിൽ ക്ഷേമനിധി ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിൽ 7.6 കോടി രൂപയുടെ തിരിമറി നടത്തിയ സംഭവത്തിലാണ് സിബിഐ കേസെടുത്തത്. ബാർ കൗൺസിൽ അക്കൗണ്ടന്റ് ഉൾപ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. അഴിമതി ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് നാലു പ്രതികളെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടികാട്ടി തലശ്ശേരി ബാർ മുൻ ഭാരവാഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.

2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് ഫെൽഫെയർ ഫണ്ടിൽ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതയായും ആരോപണം ഉയർന്നിരുന്നു. കേസിൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആരോപണം.