ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ എംഎസ്എംഇ ക്ലിനിക്ക്‌

തിരുവനന്തപുരം: വ്യവസായ രംഗത്ത് മുന്നേറ്റം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ എംഎസ്എംഇ ക്ലിനിക്ക്. സംരംഭകര്‍ക്ക് കൈത്താങ്ങാവുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ പ്രശ്‌നങ്ങളും സംശയങ്ങളും സമയബന്ധിതമായി പരിഹരിക്കാനാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ സംരംഭങ്ങള്‍ക്ക് മികച്ച വളര്‍ച്ച ഉറപ്പാക്കും. വിദഗ്ധരുടെ സേവനം സംരംഭകര്‍ക്ക് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക.

‘ലൈസന്‍സിങ്, മാര്‍ക്കറ്റിങ്, ഫിനാന്‍സിങ്, എക്‌സ്‌പോര്‍ട്ടിങ്, ബാങ്കിങ്, ജി എസ് ടി, ടെക്നോളജി തുടങ്ങി എല്ലാ മേഖലയിലും ക്ലിനിക്ക് വഴി സഹായമെത്തും. ബുദ്ധിമുട്ടുകള്‍ നേരിടുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഇത് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ. ഇതിലേക്കായി വിവിധ മേഖലകളില്‍ വിഷയ വിദഗ്ധരായവരെ ക്ലിനിക്കില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ ലഭ്യമാക്കുകയെന്ന ആശയമാണ് എം എസ് എം ഇ ക്ലിനിക്ക് എന്ന ആശയത്തിന്റെ അടിസ്ഥാന തത്വം. വ്യവസായ സംരംഭകര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളും നേരിടുന്ന പ്രയാസങ്ങളും അതിവേഗം പരിഹാരം കാണാന്‍ എംഎസ്എംഇ ക്ലിനിക്കിലൂടെ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു’- മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.