ന്യൂഡല്‍ഹി: 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ ഡാറ്റാ സെന്ററുകള്‍ക്ക് 40000 വ്യത്യസ്ത ഐപി വിലാസങ്ങളില്‍ നിന്ന് 5.1 കോടി സൈബറാക്രമണങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ട്. ഡാറ്റാ സെന്റര്‍ നെറ്റ് വര്‍ക്കുകളിലേക്ക് കടക്കാന്‍ 26166 യൂസര്‍ നെയിമുകളും 80282 പാസ് വേഡുകളും ഹാക്കര്‍മാര്‍ ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
1,31,388 ടെര്‍മിനല്‍ കമാന്‍ഡുകളാണ് ഹാക്കര്‍മാര്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കിയത്. ബോട്ട്‌നെറ്റുകള്‍, ട്രൊജന്‍ ഉള്‍പ്പടെ 1262 വ്യത്യസ്തങ്ങളായ ഫയലുകള്‍ സിസ്റ്റത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇവര്‍ ശ്രമിച്ചു. അതേസമയം, നിരവധി ടെര്‍മിനല്‍ കമാന്‍ഡുകള്‍ റണ്‍ ചെയ്യാനും, സിസ്റ്റത്തിലേക്ക് അപകടകരമായ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുംശ്രമിച്ചുവെന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍ എന്‍ജനീയേഴ്‌സും (ഐഇടിഇ) സൈബര്‍ പീസ് ഫൗണ്ടേഷനും (സിപിഎഫ്) ഓട്ടോബോട്ട് ഇന്‍ഫോസെകും ചേര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു.
‘സിമുലേറ്റഡ് നെറ്റ് വര്‍ക്ക് വിന്യസിച്ചാണ് സൈബറാക്രമണത്തിന്റെ രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. വ്യത്യസ്തങ്ങളായ പ്രോട്ടോകോളുകള്‍ക്ക് വേണ്ടി വെത്യസ്ത രീതിയിലുള്ള സൈബറാക്രമണങ്ങള്‍ നടത്തുന്നത് ഇപ്പോഴത്തെ ഒരു ട്രെന്‍ഡാണ’-് സൈബര്‍ പീസ് ഫൗണ്ടേഷന്‍ വക്താവ് പറഞ്ഞു.

