തിരുവനന്തപുരം: പാർലമെന്റിന് മുന്നിൽ യുഡിഎഫ് എംപിമാരെ കയേറ്റം ചെയ്ത ഡൽഹി പോലീസിന്റെ നടപടി കാട്ടാളത്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ത്യൻ പാർലമെന്റിന് മുന്നിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയിൽ സിപിഎമ്മിനും ബിജെപിയ്ക്കും ഇടയിൽ ഒത്തുതീർപ്പുണ്ടാക്കാൻ ഡൽഹിയിൽ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്ന സമയത്ത് തന്നെ യുഡിഎഫ് എംപിമാർ കയ്യേറ്റം ചെയ്യപ്പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനാധിപത്യ രാജ്യം തകരുന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ് പാർലമെന്റിന് മുന്നിൽ കണ്ടത്. സംഭവത്തിൽ അതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
കെ-റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് പുതിയതായി ഒന്നും പറയാനില്ല. അഴിമതി മാത്രമാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യം. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷം ജനങ്ങൾക്കൊപ്പംനിന്ന് സമരം ചെയ്യും. പദ്ധതിയുടെ ഡിപിആറിൽ അവ്യക്തയുണ്ട്.. രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ട്. സ്ഥലം വിട്ടുകൊടുക്കുന്നവർ മാത്രമല്ല കേരളം മുഴുവൻ ഇതിന് ഇരകളാണ്. വിട്ടുകൊടുക്കുന്ന സ്ഥലത്തിന് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. ബഫർ സോണിലുള്ളവർക്ക് ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

