ദുല്‍ഖറിനും വേഫാറിനും വിലക്കില്ല; ഫിയോക്കിനെ തള്ളി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാനെ വിലക്കിയതടക്കമുള്ള ഫിയോക്കിന്റെ തീരുമാനം തള്ളി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ദുല്‍ഖറിനെയും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫാര്‍ ഫിലിംസിനെയും വിലക്കില്ലെന്നും താരത്തിന്റെ സിനിമകള്‍ സംഘടനയ്ക്ക് കീഴിലുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഫാന്‍സ് ഷോകള്‍ നിരോധിക്കില്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് രാംദാസ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഫാന്‍സ് അസോസിയേഷന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമായതിനാല്‍, ഫാന്‍സ് ഷോകള്‍ നടത്തുന്നതില്‍ എതിര്‍പ്പില്ല. ഒ.ടി.ടിയില്‍ റിലീസ് ചെയ്ത സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ഉണ്ടാകില്ല. ദിലീപ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുമായി യാതൊരു അകല്‍ച്ചയുമില്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നു’ -ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഫിയോക്കില്‍ നിന്നും പലരും തിരിച്ചു വരുന്ന സാഹചര്യമാണ് ഉള്ളതെന്നും സംഘടന ചൂണ്ടിക്കാട്ടി.