തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരുവശവും ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബഫര്‍ സോണ്‍ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തള്ളുകയും കെ-റെയില്‍ എംഡി വി.അജിത് കുമാര്‍ പറയുന്നതാണ് ശരിയെന്നും കോടിയേരി സ്ഥിരീകരിച്ചു.
പദ്ധതിക്കെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോഴും കെ-റെയില്‍ ബഫര്‍ സോണ്‍ ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഒരു മീറ്റര്‍ പോലും ബഫര്‍ സോണില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്‍ അവകാശപ്പെട്ടത്. എന്നാല്‍, പത്ത് മീറ്ററാണ് ബഫര്‍സോണ്‍ എന്നായിരുന്നു മന്ത്രിയെ തിരുത്തി കെ റെയില്‍ എംഡിയുടെ വിശദീകരണം. അതേസമയം, ബഫര്‍ സോണ്‍ ഉണ്ടാകുമെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും വിഷയത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. എല്ലാ കാര്യങ്ങളും എല്ലാവരും പഠിച്ചിട്ടാകില്ല പ്രതികരിക്കുന്നതെന്നാണ് മന്ത്രിയുടെ വാദത്തെ തള്ളി കോടിയേരി പ്രതികരിച്ചത്. കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ഹൈക്കോടതി പറഞ്ഞത് പ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെ-റെയില്‍ പാതയുടെ ഇരുവശത്തും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്നാണ് എം.ഡി വ്യക്തമാക്കിയിട്ടുള്ളത്. ഇതില്‍ അഞ്ച് മീറ്ററില്‍ യാതൊരു നിര്‍മ്മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിര്‍മ്മാണം നടത്താമെന്നുമാണ് എംഡിയുടെ വിശദീകരണം. എന്നാല്‍, കെ-റെയില്‍ വിരുദ്ധ സമര സമിതിക്ക് നല്‍കിയ മറുപടിയില്‍ ബഫര്‍ സോണ്‍ 15 മീറ്ററാണ്. എക്‌സിക്യുട്ടീവ് സമ്മറി നിര്‍ദ്ദേശിച്ച 30 മീറ്റര്‍ എന്നത് ഇരുവശങ്ങളിലായി 15 മീറ്റര്‍ വീതം എന്നാണ് ഉദ്ദേശിക്കുന്നതെന്നാണ് കെ-റെയില്‍ വിശദീകരണം. അതേസമയം, കൃത്യമായി ഡിപിആറില്‍ ഇക്കാര്യം എന്തുകൊണ്ട് വ്യക്തമാക്കിയില്ല എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

