റഷ്യക്കെതിരെ ഇന്ത്യ മാത്രമാണ് ചഞ്ചലമായ നിലപാട് സ്വീകരിക്കുന്നത്; വിമർശനവുമായി അമേരിക്ക

വാഷിങ്ടൺ: ഇന്ത്യയുടെ നിലപാടിനെതിരെ വിമർശനവുമായി അമേരിക്ക. റഷ്യക്കെതിരെ ഇന്ത്യ മാത്രമാണ് ചഞ്ചലമായ നിലപാട് സ്വീകരിക്കുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. ക്വാഡ് സഖ്യത്തിൽ ഇന്ത്യ മാത്രമാണ് അപവാദമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

ക്വാഡ് സഖ്യത്തിലെ അംഗങ്ങളായ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിനെതിരെ ശക്തവും നീതിയുക്തവുമായ നടപടികൾ എടുത്തപ്പോൾ ചഞ്ചലമായ പ്രതികരണമായിരുന്നു മറ്റൊരു അംഗമായ ഇന്ത്യ സ്വീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കാത്തതിനെതിരെയും അമേരിക്ക വിമർശനം ഉന്നയിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ ലോകശക്തികൾ ഒറ്റക്കെട്ടാണെന്നും റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങളുമായി മുന്നോട്ടുപോകുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. നാറ്റോയും യുറോപ്യൻ യൂണിയനും ഒരിക്കലും നീതികരിക്കാൻ സാധിക്കാത്ത റഷ്യൻ ക്രൂരതയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവെന്നും പുടിന്റെ നിർദ്ദയവും ഭീകരവുമായ നരവേട്ടയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ഐക്യമോ ശക്തിയോ റഷ്യ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.