തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ രൂക്ഷ വിമർശനവുമായി ഇ.പി ജയരാജൻ. സമരത്തിന് പിന്നിൽ തെക്കും വടക്കുമില്ലാത്ത വിവരദോഷികളാണെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിൽ സമരത്തിനൊപ്പം ജനങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ കൈയ്യിലാണ്. വി.ഡി സതീശന് പണിയൊന്നുമില്ലെങ്കിൽ കുറ്റി പറിച്ച് നടക്കട്ടെ. കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
കെ യെിൽ പദ്ധതി നടപ്പിലായാൽ ആദ്യം വണ്ടിയിൽ കയറുന്നത് കോൺഗ്രസുകാരായിരിക്കും. കിഫ്ബിയെ ഇതിനേക്കാൾ കൂടുതൽ എതിർത്തവരാണ് പ്രതിപക്ഷം. എന്നാൽ ഇപ്പോൾ ഫണ്ടിനായി കോൺഗ്രസ് എംഎൽഎമാർ തലയിൽ മുണ്ടിട്ട് വരികയാണ്. പ്രതിപക്ഷം കെ റെയിലിനെതിരെ റെഡിമെയ്ഡ് ആളുകളെ കൊണ്ട് സമരം നടത്തുകയാണ്. സിൽവർലൈന് സ്ഥലം നൽകാൻ ജനങ്ങൾ തയ്യാറായി മുന്നോട്ട് വരികയാണെന്നും കെ റെയിൽ നടപ്പിലാക്കേണ്ടത് ജനങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹം വിശദമാക്കി.

