തിരുവനന്തപുരം: കെ റെയിലിനെതിരെ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ വികസന രംഗത്ത് സ്വീകരിച്ച നടപടികൾക്ക് ജനം പിന്തുണ നൽകിയിട്ടുണ്ടെന്നും അതുകൊണ്ട് സർക്കാർ ഒന്നും ചെയ്യരുതെന്ന് കരുതിയാണ് എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ തെരഞ്ഞെടുപ്പ് കാലത്താണ് കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിൽക്കുന്നത്. ഇത്തവണ സർക്കാരിന്റെ തുടക്കം മുതൽ എതിർക്കാൻ ഇവർ ഒരുമിച്ചാണ്. കെ റെയിൽ യാഥാർഥ്യമായാൽ എന്താകുമെന്ന് കരുതി കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി എതിർക്കുകയാണ്. ഇക്കാര്യത്തിൽ ഒരേ മനസ്സും ഒരേ യോജിപ്പുമാണ്. സിൽവർ ലൈൻ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കും. അതുകൊണ്ടാണ് ഇതിനെ എതിർക്കുന്നത്. ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോഴാണ് പദ്ധതി വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
വണ്ടിനെക്കുറിച്ച് പറഞ്ഞ പോലെയാണ് കോൺഗ്രസ്. നീ വിളക്കും കെടുത്തുന്നു, നീയും നശിക്കുന്നു. രാജ്യത്തിന് നാശമായി സ്വയം നശിക്കുകയും ചെയ്തു. മുൻ മന്ത്രിമാരുൾപ്പെടെ എത്ര പേരാണ് ബിജെപിയിലെത്തിയത്. വല്ല പാഠവും കോൺഗ്രസ് ഇതുവരെ പഠിച്ചോ? ഏത് തരം നാശത്തിലേക്കാണ് കോൺഗ്രസ് പോയിക്കൊണ്ടിരിക്കുന്നത്. വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് യുപിയിൽ സ്വീകരിച്ചത്. വിശ്വസിക്കാൻ പറ്റാത്ത പാർടിയാണ് കോൺഗ്രസെന്ന് രാജ്യത്തെ ജനങ്ങൾക്ക് മനസിലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാർ പൂർണ തോതിൽ നാട്ടിൽ ഇറങ്ങി കെ റെയിൽ പദ്ധതിയെ കുറിച്ച് വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം അനുവദിക്കില്ല എന്ന ദുശ്ശാഠ്യമാണ് പ്രതിപക്ഷത്തിന്. യുഡിഎഫ് വിചാരിച്ചാൽ കുറച്ച് ആളുകളെ ഇറക്കാനാകും. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും നാലിരട്ടി നഷ്ടപരിഹാരമെന്നത് വെറും വാക്കല്ലെന്നും അദ്ദേഹം അറിയിച്ചു.
ആര് പറയുന്നതാണ് ജനം അംഗീകരിക്കുക എന്ന് കാണാം. ഗോ ഗോ വിളി നടത്തുന്നവരോട്, ആ പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

