തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിക്കെതിരെ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. ‘പദ്ധതിക്കെതിരെ നടക്കുന്നത് ജനകീയ സമരമാണ്. അതിരടയാള കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.
മാടപ്പള്ളിയില്‍ കെ-റെയിലിന് എതിരെ പ്രതിഷേധിക്കാന്‍ എട്ടുവയസ്സുകാരി സോമിയയുമായെത്തിയ ജിജി ഫിലിപ്പിനെതിരെ കേസെടുത്ത സംഭവത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കണ്ടെന്നും ഇരയെ കോണ്‍ഗ്രസ് ചേര്‍ത്ത് പിടിക്കുമെന്നും സതീശന്‍ പറഞ്ഞു.
സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് ജിജിക്കെതിരെ കേസെടുത്തത്. അതിരടയാള കല്ല് പിഴുതതിനും കേസെടുത്തു. എന്നാല്‍, കുഞ്ഞിനെ മനപ്പൂര്‍വ്വം സമരരംഗത്തേക്ക് എത്തിച്ചതല്ലെന്നും, പോലീസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണെന്നുമായിരുന്നു ജിജിയുടെ വിശദീകരണം. അതേസമയം, യുവതിയെ വലിച്ചിഴച്ചപ്പോള്‍ എവിടെയായിരുന്നു കേരളത്തിലെ വനിതാ കമ്മീഷനെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

