അത്യാഹിത വിഭാഗത്തിൽ സമഗ്ര മാറ്റം; പുതിയ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി

veena

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പുതിയ സംവിധാനമേർപ്പെടുത്തുന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. അത്യാഹിത വിഭാഗത്തിൽ സമഗ്ര മാറ്റത്തിനായി നിരന്തര ഇടപെടലുകളാണ് നടത്തിയത്. മെഡിക്കൽ കോളേജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു വിദഗ്ധ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നവർക്ക് സമയം ഒട്ടും വൈകാതെ എങ്ങനെ ഫലപ്രദമായി ചികിത്സ ലഭ്യമാക്കാം എന്ന് പഠനം നടത്തി.

ഇതിന്റെയടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. അപകടത്തിൽപെട്ട് വരുന്ന രോഗികൾക്കും മറ്റ് രോഗങ്ങളുമായി വരുന്നവർക്കും ഈ സേവനം ലഭ്യമാകും. ഇവർക്കുള്ള സർജറി, തീവ്രപരിചരണം എന്നിവ ഒട്ടും കാലതാമസം വരുത്താതിരിക്കാനാണ് പുതിയ സംവിധാനമെന്ന് വീണാ ജോർജ് വ്യക്തമാക്കി.

കർശന നിർദേശത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് പുതിയ സംവിധാനം വരുന്നത്. മെഡിക്കൽ കോളേജിൽ ചെസ്റ്റ് പെയിൻ ക്ലിനിക് ആരംഭിക്കുന്നതാണ്. നെഞ്ച് വേദനയുമായും മറ്റ് ഹൃദസംബന്ധമായ അസുഖങ്ങളുമായും വരുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇവരെ പെട്ടന്ന് കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റി അടിയന്തര ചികിത്സ നൽകും. കാലതാമസമില്ലാതെ ആവശ്യമായവർക്ക് ഐ.സി.യു, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.

ഇതുകൂടാതെ അപകടങ്ങളിൽപ്പെട്ട് അതീവ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ ഒട്ടും വൈകാതിരിക്കാൻ ചുവപ്പ് ടാഗ് നൽകും. ചുവപ്പ് ടാഗ് ഉള്ളവർക്ക് എക്സ്റേ, സ്‌കാൻ തുടങ്ങിയ പരിശോധനകൾക്കുൾപ്പെടെ ക്യൂ ഇല്ലാതെ ആദ്യ പരിഗണന നൽകും. സർജറി വിഭാഗത്തിന് കീഴിൽ മറ്റ് വിഭാഗങ്ങളുടെ സഹകരണത്തോടെ ഉടനടി വിദഗ്ധ ചികിത്സ ഉറപ്പാക്കും. ശസ്ത്രക്രിയ വേണ്ടവർക്ക് അടിയന്തരമായി ശസ്ത്രക്രിയയും നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.