കൊവിഡ് അവധി അഞ്ച് ദിവസം; ജീവനക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുതുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പുതുക്കി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ കണക്ക് ആയിരത്തില്‍ താഴെയാണ്. രോഗസ്ഥിരീകരണ നിരക്ക് നാലില്‍ താഴെ എത്തി. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

കൊവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ അവധി അഞ്ചുദിവസമായി കുറച്ചു. അഞ്ച് ദിവസം കഴിഞ്ഞ് നടത്തുന്ന ആന്റിജന്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവാണെങ്കില്‍ ജോലിക്ക് ഹാജരാകാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. വീണ്ടും പോസിറ്റീവ് കാണിക്കുന്നെങ്കില്‍ അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിള്‍ ലീവ് എടുത്ത ശേഷം ഓഫീസില്‍ ഹാജരാകേണ്ടതാണ്. അതേസമയം, നെഗറ്റീവ് ആയാല്‍ സാമൂഹിക അകലം അടക്കമുള്ള എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ഓഫീസില്‍ ഹാജരാകേണ്ടതാണ്.

എന്നാല്‍, വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തുന്ന ജീവനക്കാര്‍ ആഴ്ചയില്‍ ഏഴുദിവസവും ജോലി ചെയ്യണം. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ ഓഫീസ് ജീവനക്കാര്‍ക്ക് ഒരുപോലെ ബാധകമാണ് സര്‍ക്കാര്‍ ഉത്തരവ്.