ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ ജി 23 നേതാക്കള്‍ രംഗത്ത്. സെക്രട്ടറി പദത്തില്‍ നിന്ന് വേണുഗോപാലിനെ മാറ്റി ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഹിന്ദിയും അറിയുന്ന പരിചയ സമ്പന്നനായ ഒരാളെ തല്‍സ്ഥാനത്ത് നിയമിക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെയാണ് ജി 23 ലെ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ ഹൂഡ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ജി 23 നേതാക്കള്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണും.
അതേസമയം, എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും, പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം അനിവാര്യമെന്നും സോണിയ ഗാന്ധിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. മോദിയല്ല പാര്‍ട്ടിയെ തകര്‍ക്കുന്നത്, നേതൃ നിരയിലുള്ളവരാണെന്നും തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും മനീഷ് തിവാരിയും പ്രതികരിച്ചു. പാര്‍ട്ടി തകര്‍ത്ത നവജ്യോത് സിങ് സിദ്ദുവിനെ പദവിയിലിരുത്തിയവര്‍ ഇതിന് മറുപടി നല്‍കണമെന്നും മനീഷ് തിവാരി ആഞ്ഞടിച്ചു.

