കൊച്ചി: കൊച്ചി മെട്രോ പാളത്തിന്റെ ചരിവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മെട്രോമാൻ ഇ ശ്രീധരൻ. മെട്രോ പാളത്തിന്റെ നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് പിശക് പറ്റിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഡി.എം.ആർ.സി വീഴ്ച്ച പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൈലിങ്ങിലെ വീഴ്ചയാണ് കൊച്ചി മെട്രോയുടെ പാളത്തിലെ ചരിവിന് കാരണം. ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്നാണ് അധികൃതർ കണ്ടെത്തിയത്. തൂൺ നിൽക്കുന്ന സ്ഥലത്ത് 10 മീറ്റർ താഴെയാണ് പാറ. ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ല. പാറക്ക് ഒരു മീറ്റർ മുകളിലാണ് പൈലിങ്. മണ്ണിനടിൽ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകൾ നിർമിക്കേണ്ടത്. പൈലിങ് പാറയിൽ എത്തിയാൽ പാറ തുരന്ന് പൈലിങ് പാറയിൽ ഉറപ്പിക്കണം. പത്തടിപ്പാലത്ത് ഈ മാർഗനിർദേശങ്ങളൊന്നും പാലിക്കാത്തതാണ് ചരിവിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്‌നിക്കൽ പഠനത്തിലാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. ഇ ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധർ മേഖലയിൽ പരിശോധന നടത്തിയത്.

