കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്താനായി അധിക പൈലുകള്‍ സ്ഥാപിക്കുന്നത് ഡി.എം.ആര്‍.സി., എല്‍.ആന്‍ഡ്.ടി., എയ്ജിസ്, കെ.എം.ആര്‍.എല്‍. എന്നിവയുടെ നേതൃത്വത്തില്‍ അടുത്ത ആഴ്ച ആദ്യം ആരംഭിക്കും. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. നിലവിലുളള മെട്രോ റെയില്‍ ഗതാഗതത്തെ ബാധിക്കില്ല. എന്നാല്‍, കൊച്ചി മെട്രോ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.
ജോലികള്‍ പൂര്‍ത്തിയാകം വരെ ഒരു ട്രാക്കിലൂടെ മാത്രമായി ഗതാഗതം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് ഏഴ് മിനിറ്റ് ഇടവിട്ടും ട്രെയിന്‍ ഉണ്ടാകും. അതുപോലെ പേട്ടയില്‍ നിന്ന് പത്തടി പാലത്തേക്ക് ഏഴ് മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രെയിന്‍ സര്‍വീസ് ഉണ്ടാകും.
പാളം ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവു കൊണ്ടും, പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനം കൊണ്ടും മെട്രോ പാളത്തില്‍ ചരിവുകളുണ്ടാകാറുണ്ട്. എന്നാല്‍, തൂണിന്റെ ചരിവാണ് പ്രശ്‌നമെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോള്‍ നടക്കുന്ന പരിശോധനക്കൊപ്പം ഇ. ശ്രീധരന്റെയും സംഘത്തിന്റെയും നിര്‍ദ്ദേശങ്ങളും കെഎംആര്‍എല്ലിനു സമര്‍പ്പിക്കും. കെ.എം.ആര്‍.എല്‍. നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ തകരാര്‍ ബോധ്യപ്പെട്ടതോടെ വിശദംശങ്ങള്‍ ഡി.എം.ആര്‍.സിയെ അറിയിക്കുകയായിരുന്നു.

