തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയില്‍ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നത് തുടരുന്നുണ്ടെന്ന് മാനേജ്മെന്റ്. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നുണ്ടെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
‘സ്റ്റേറ്റ് ഹെല്‍ത്ത് മിഷനുമായി കാസ്പ് ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് വഴിയുള്ള ചികിത്സ പുനഃസ്ഥാപിക്കുവാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് ഉള്ളവര്‍ക്കും ചികിത്സാ ആനുകൂല്യം ലഭ്യമാകും. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുളള ‘സ്‌നേഹസാന്ത്വനം’ ചികിത്സാ പദ്ധതി, എസ്ടി വിഭാഗക്കാര്‍ക്കുള്ള ചികത്സാ ആനുകൂല്യം എന്നിവ തുടരുന്നുണ്ട്.
പ്രധാനമന്ത്രി ചികിത്സാ സഹായധനം, മുഖ്യമന്ത്രി ചികിത്സാ സഹായധനം, ആരോഗ്യ വകുപ്പിന് കീഴിലുള്ള ചികിത്സാ സഹായധനം എന്നിവയും, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, നോര്‍ക്ക എന്നിവിടങ്ങളില്‍ നിന്നും സഹായധനവും ലഭിച്ചു വരുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായമായ രാഷ്ട്രീയ ‘ആരോഗ്യ നിധി സ്‌കീം-ആര്‍എഎന്‍ , ഹെല്‍ത്ത് മിനിസ്റ്റേഴ്സ് ഡിസ്‌ക്രീഷനറി ഗ്രാന്റ്-എച്ച്എംഡിജി എന്നിവ നിലവില്‍ ഉണ്ടെങ്കിലും അപേക്ഷകള്‍ ഓണ്‍ലൈന്‍ സബ്മിഷന്‍ ആയതിനു ശേഷം ആയുഷ്മാന്‍ ഭാരത് സ്‌കീം ഉള്‍പെടുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക തടസങ്ങള്‍ നേരിട്ടിരുന്നു. ഇത് ഉടന്‍ പരിഹരിക്കും.
കഴിയും വിധം പാവപ്പെട്ടവരെയും നിരാലംബരെയും കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ വേര്‍തിരിവില്ലാതെ നല്‍കുവാന്‍ ശ്രമിച്ചു വരുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകള്‍, ശ്രീ ചിത്രയിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവരും ശ്രീചിത്രയിലെ പാവപെട്ട രോഗികളെ സഹായിച്ചു വരുന്നുണ്ട്. ഇന്‍കംടാക്‌സ് ഇളവ് ലഭിക്കുന്ന സംഭാവനകള്‍ വഴി സ്വരൂപിച്ച വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ശ്രീചിത്രയില്‍ രജിസ്റ്റര്‍ ചെയ്ത പാവപെട്ട രോഗികള്‍ക്ക് മാസംതോറും സൗജന്യമായി മരുന്നുകളും നല്‍കി വരുന്നു’- മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.

