തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വനിതകൾക്ക് നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് വക്താവ്. കോൺഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒരു ചാനൽ ചർച്ചയിലായിരുന്നു ഷമയുടെ പരാമർശം.
കഴിഞ്ഞ നാൽപത് വർഷമായി കേരളത്തിൽ നിന്ന് ഒരു വനിതാ എംപിയുണ്ടായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം വനിതകൾക്ക് സീറ്റ് നൽകുന്നുണ്ടെന്നും ഷമ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുളള ഒരു രാജ്യസഭാ സീറ്റിലേക്ക് ശ്രീനിവാസൻ കൃഷ്ണനെ നിർദ്ദേശിച്ച് നേരത്തെ കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. അതേസമയം, എം.ലിജുവിനെ സ്ഥാനാർത്ഥിയാക്കാൻ നീക്കവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
എന്നാൽ, യുവാക്കളെ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് കേരള നേതൃത്വം ഉന്നയിക്കുന്ന ആവശ്യം. സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനാർത്ഥികൾ യുവാക്കളാണ്.

