തിരുവനന്തപുരം: ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയിൽ നിന്നും ഓട്ടോറിക്ഷയെ ഒഴിവാക്കി. ബജറ്റ് ചർച്ചയ്ക്ക് മറുപടി നൽകവെ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഡീസൽ വാഹനങ്ങൾ വാങ്ങുമ്പോൾ 500 മുതൽ 2000 രൂപ ഹരിത നികുതി ഈടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഓട്ടോറിക്ഷയ്ക്ക് 500 രൂപയാണു നികുതി നിർദേശിച്ചത്.
പട്ടയങ്ങൾ ഡിജിറ്റലാക്കുന്നതിന് 10 കോടിയും അനുവദിച്ചു. അതേസമയം, സംസ്ഥാനത്ത് ക്ഷേമ പെൻഷൻ പിന്നീട് വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. എൽഡിഎഫ് നൽകിയ വാക്കു പാലിക്കും. പെൻഷൻ വർധിപ്പിക്കാൻ ഇപ്പോൾ സാമ്പത്തിക പരിമിതി ഉണ്ട്. ഇപ്പോൾ 100 രൂപ കൂട്ടിയാൽ 1000 കോടിയുടെ ബാധ്യത വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നദീ സംരക്ഷണത്തിന് 10 കോടി രൂപ കൂടി അനുവദിച്ചു. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് 5 കോടിയായി പുനഃസ്ഥാപിക്കാനും തീരുമാനമായി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് നേരത്തേ ഫണ്ട് വെട്ടിക്കുറച്ചത്.

