തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. മാർച്ച് 24 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന അനിവാര്യമാണെന്നാണ് ബസുടമകൾ ഉന്നയിക്കുന്ന ആവശ്യം.
ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിനെ നേരിൽ കണ്ട് സ്വകാര്യ ബസുടമകൾ നോട്ടിസ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം. വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം ചാർജിന്റെ പകുതിയായി വർധിപ്പിക്കണമെന്ന ആവശ്യവും ഫെഡറേഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം, ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. ബസ് ചാർജ് വർധനവ് ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

