തിരുവനന്തപുരം: കോവളത്തെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ആരംഭിക്കുന്ന സാംസ്‌ക്കാരിക, പൈതൃക, പരിസ്ഥിതി ടൂറിസം പഠനഗവേഷണ – കലാവിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജു(NCTICH)മായി സഹകരിച്ചാണ് കേന്ദ്രം ആരംഭിക്കുന്നത്. അന്യംനിന്നു പോകുന്നതടക്കമുള്ള പൈതൃകകലകൾ സംരക്ഷിക്കാനും പോഷിപ്പിക്കാനും പ്രചരിപ്പിക്കാനും അവയുടെ അവതരണത്തിനു വേദിയൊരുക്കാനും ഈ സഹകരണത്തിലൂടെ കഴിയുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ബേപ്പൂരിൽ തുടങ്ങി തിരൂർ വഴി തൃത്താലയിലേക്കുള്ള ലിറ്റററി സർക്കീട്ട് നടപ്പാക്കുന്നതും നിരവധി പദ്ധതികൾ മലബാർ – മലനാട് ക്രൂസ് പദ്ധതിയിലെ ആർട്ട് ഗ്യാലറിയും തെയ്യം കലയും ഉൾപ്പെടുത്തുന്നതും ഉൾപ്പെടെ സാംസ്‌കാരികവകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പു നടപ്പാക്കാൻ പോകുകയാണ്. കാരവൻ പാർക്കുകൾ സാംസ്‌കാരിക ഹബ്ബുകളാക്കി മാറ്റും. സിനിമ ഷൂട്ടിങ്ങുകൾ നടന്ന ലൊക്കേഷനുകളും മറ്റും ഉൾപ്പെടുത്തിയുള്ള ടൂറിസം പദ്ധതികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം, കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകം വേണ്ടത്ര ആഴത്തിൽ പഠിച്ച് പ്രയോജനട്ടത്താൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും ആ വഴിയുള്ള വിപുലമായ പരിശ്രമങ്ങൾക്കു സർക്കാർ തുടക്കമിട്ടിരിക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു. കേരളീയ കലാരംഗത്ത് മഹത്തായ സംഭാവന നൽകിവരുന്ന ആയിരക്കണക്കിനു കലാകാരികളെ കണ്ടെത്തി ടൂറിസം രംഗവുമായി ബന്ധപ്പെടുത്തി വിപുലമായ അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

