ന്യൂഡൽഹി: ബോളിവുഡ് ചിത്രം ദ് കശ്മീർ ഫയൽസിനെതിരെ വിമർശനവുമായി കോൺഗ്രസ്. സിനിമ യാഥാർഥ്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതാണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന വിമർശനം. കേരളത്തിലെ കോൺഗ്രസിന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പാർട്ടിയുടെ പ്രതികരണം. ബിജെപി പിന്തുണയോടെ ഭരിച്ചിരുന്ന വി പി സിംഗ് സർക്കാരിന്റെ കാലത്താണ് കശ്മീർ താഴ്‌വരയിൽ നിന്ന് പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചതെന്നും എന്നിട്ടും ബിജെപി വിഷയത്തിൽ വിരലനക്കിയില്ലെന്നും കോൺഗ്രസ് വിമർശിക്കുന്നു.
1989 ഡിസംബറിലാണ് വി പി സിംഗ് സർക്കാർ അധികാരത്തിൽ വന്നത്. തൊട്ടടുത്ത മാസമാണ് പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചത്. 1990 നവംബർ വരെ വി പി സിംഗിനെ പിന്തുണച്ചിരുന്ന ബിജെപി വിഷയത്തിൽ ഒന്നും ചെയ്തില്ല. അന്നത്തെ ഗവർണർ ജഗ്‌മോഹന്റെ നിർദേശപ്രകാരമാണ് പണ്ഡിറ്റുകൾ താഴ്‌വര വിട്ടുപോയത്. അദ്ദേഹം ഒരു ആർഎസ്എസ് അനുഭാവി ആയിരുന്നു. തീവ്രവാദി ആക്രമണങ്ങൾക്കു ശേഷം, പണ്ഡിറ്റുകൾക്ക് സുരക്ഷിതത്വം നൽകുന്നതിനു പകരം ഗവർണർ ജഗ്‌മോഹൻ ആവരോട് ആവശ്യപ്പെട്ടത് ജമ്മുവിലേക്ക് താമസം മാറ്റാനാണെന്നും കോൺഗ്രസ് പറയുന്നു.
അവിടം സുരക്ഷിതമല്ലെന്ന് കരുതിയ നിരവധി പണ്ഡിറ്റ് കുടുംബങ്ങൾ ഭയം കൊണ്ടാണ് താഴ്‌വര വിട്ടത്. പണ്ഡിറ്റുകളുടെ പലായനത്തിന്റെ സമയത്ത് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി രാജ്യത്ത് ഒരു വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള ബിജെപിയുടെ പ്രചാരവേലയ്ക്ക് അനുയോജ്യമായിരുന്നു പണ്ഡിറ്റുകളുടെ പലായന വിഷയം. പണ്ഡിറ്റുകളുടെ വിഷയത്തിൽ എപ്പോഴും മുതലക്കണ്ണീർ ഒഴുക്കാറുള്ള ബിജെപി അധികാരത്തിലെത്തിയപ്പോഴൊന്നും അവരെ കശ്മീരിലേക്ക് തിരിച്ചുകൊണ്ടുവന്നില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
അതേസമയം, കോൺഗ്രസിനെതിരെ വിമർശനവുമായി നടൻ അനുപം ഖേർ രംഗത്തെത്തി. ദ് കശ്മീർ ഫയൽസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അദ്ദേഹം. ഇത്തരത്തിൽ പ്രാധാന്യമുള്ള ഒരു ചിത്രത്തെക്കുറിച്ച് വിവാദങ്ങൾ സൃഷ്ടിക്കുന്നവരെ ശ്രദ്ധിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈ തരത്തിലുള്ള അബദ്ധഭാഷണം കേരളത്തിലെ കോൺഗ്രസിൻറെ ഭാഗത്തുനിന്ന് ഉണ്ടായി എന്നത് ദു:ഖകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസുകാരായ, ഒരേ കുടുംബത്തിൽ നിന്നുള്ള രണ്ട് പ്രധാനമന്ത്രിമാരെ നമുക്ക് നഷ്ടപ്പെട്ടു. തീവ്രവാദികളാലാണ് അവർ കൊല്ലപ്പെട്ടത്. അതിനാൽ കോൺഗ്രസ് ഈ തരത്തിൽ സംസാരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

