എറണാകുളം: കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാൻ കെ.എം.ആർ.എൽ വാട്സാപ് സേവനം ആരംഭിച്ചു. 9188957488 എന്ന നമ്പരിലേക്ക് ഒരു വാട്സാപ് മെസേജ് അയച്ചാൽ നിങ്ങൾ അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള മെനു വരും. അതിൽ നിന്ന് നിങ്ങൾക്കാവശ്യമുള്ള വിവരങ്ങൾ അനായാസം തിരഞ്ഞെടുത്ത് അറിയാം.
പൊതുവായ അന്വഷണങ്ങൾ, പുതിയ വിവരങ്ങൾ എന്നിവ അറിയാൻ മാത്രമല്ല നിങ്ങൾക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിർദേശങ്ങളോ പരാതിയോ ഉണ്ടെങ്കിൽ അതും വളരെ വേഗത്തിൽ അറിയാൻ വാട്സാപ് സേവനം ഉപയോഗിക്കാം. കെ.എം.ആർ.എൽ നൽകുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയാം. ഈ സേവന ശൃംഖല വരും ദിവസങ്ങളിൽ വർധിപ്പിക്കുമെന്ന് കൊച്ചി മെട്രോ ഫേസ്ബുക്കിലൂടെ അറിയിച്ചു.
മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ഇതോടൊപ്പമുള്ള ക്വൂആർകോഡ് സ്‌കാൻ ചെയും ഈ സേവനം ഉപയോഗിക്കാം. ഫോണിലൂടെ നേരിട്ടും, ഇമെയിൽ വഴിയും, കസ്റ്റമർകെയർ സെന്ററുകൾ വഴിയും ലഭിക്കുന്ന ഉപഭോക്തൃസേവനത്തിന് പുറമെയാണ് കൊച്ചി മേട്രൊ നവീന സേവനം ഏർപ്പെടുത്തിയിരിക്കുന്നത്. വിപുലമായ ഉപഭോക്തൃസേവനം വാട്സാപ് പ്ലാറ്റ്‌ഫോമിലൂടെ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോയാണ് കൊച്ചി മെട്രോ.

