തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിണി പൂർണമായും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ തുടക്കം കുറിച്ച പദ്ധതിയാണ് വിശപ്പ് രഹിത കേരളം. ആദ്യം കോഴിക്കോട് നഗരത്തിൽ ആരംഭിച്ച പദ്ധതി പിന്നീട് മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
നഗരത്തിൽ സബ്സിഡിയോടെ പൊതുജനങ്ങൾക്ക് വിലക്കുറവിൽ ഒരു നേരത്തെ ഭക്ഷണം നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിലെ ഒരു വ്യക്തിയും ഒരു ദിവസം രണ്ട് നേരം ഭക്ഷണമെങ്കിലും കഴിക്കാതെ പോകുന്നുന്നില്ലെന്ന് ഉറപ്പാക്കാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. ഭക്ഷണം സൗജന്യ നിരക്കിൽ ലഭ്യമാക്കുന്നതിന് വിശപ്പ് രഹിത കേരളം സുഭിക്ഷ ഹോട്ടൽ പദ്ധതിയും സംസ്ഥാനത്ത് ആവിഷ്ക്കരിച്ചിട്ടുണ്ട്. 20 രൂപാ നിരക്കിൽ സുഭിക്ഷാ ഹോട്ടലിൽ നിന്നും ഉച്ചയൂണ് ലഭ്യമാകും. മറ്റ് സ്പെഷ്യൽ വിഭവങ്ങളും വിലക്കുറവിൽ ഇവിടെ നിന്നും ലഭിക്കും. ഓരോ ഊണിനും നടത്തിപ്പുകാർക്ക് അഞ്ച് രൂപ സബ്സിഡിയായി സർക്കാർ അനുവദിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതു വിതരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ജനകീയ ഹോട്ടലുകളിൽ നിന്നും നൽകുന്ന ഓരോ ഊണിനും 10 രൂപ സബ്സിഡി കുടുംബശ്രീ മുഖാന്തരം നൽകുന്നു. ഹോട്ടലുകളുടെ നടത്തിപ്പിന് ആവശ്യമായ പാത്രങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങിക്കുന്നതിനായി പരമാവധി 40,000 രൂപ വരെ റീവോൾവിങ് ഫണ്ട് ആയും കുടുംബശ്രീ നൽകുന്നുണ്ട്.

