തിരുവനന്തപുരം: പൊതുജന മധ്യത്തില്‍ വെച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഏതെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വീഴ്ചയ്ക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ചോദിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാരിന്റെ നീക്കം.
അതേസമയം, നീതികേടാണ് സര്‍ക്കാര്‍ കാണിച്ചതെന്നും, കുട്ടിയെ ചേര്‍ത്ത് പിടിക്കേണ്ട സര്‍ക്കാരില്‍ നിന്നാണ് ഇത്തരമൊരു നീക്കം വന്നതെന്നും കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍ പ്രതികരിച്ചു. കുട്ടിയ്ക്ക് മാനസിക പിന്തുണ മാത്രമല്ല വേണ്ടത്, നീതി കുട്ടിയ്ക്ക് തോന്നണമെന്ന് വിലയിരുത്തിയായിരുന്നു കുട്ടിയ്ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്.
2021 ഓഗസ്റ്റ് 27നാണ് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ ഫോണ്‍ കാണാതാവുകയും, ഫോണ്‍ മോഷ്ടിച്ചത് പെണ്‍കുട്ടിയാണെന്ന് ആരോപിച്ച് പിങ്ക് പോലീസ് കുട്ടിയെ പരസ്യവിചാരണ ചെയ്യുകയും ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയോടും പിതാവിനോടും ഇവര്‍ മോശമായി പെരുമാറുകയും ചെയ്തു. പിന്നീട് ഉദ്യോഗസ്ഥയുടെ ഫോണ്‍ വാഹനത്തില്‍ നിന്ന് തന്നെ കിട്ടി. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.

