തിരുവനന്തപുരം: യുക്രൈൻ സംഘർഷത്തിനിടെ അനുഭവിക്കേണ്ട വന്ന ദുരവസ്ഥകൾ വിവരിച്ച് ഓപ്പറേഷൻ ഗംഗയിലൂടെ നാട്ടിലേക്ക് തിരികെ എത്തിയ വിദ്യാർത്ഥി ഹരികൃഷ്ണൻ. താമസസ്ഥലത്തിന് സമീപം റഷ്യ-യുക്രൈൻ സൈന്യങ്ങൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോൾ ബങ്കറിനുള്ളിൽ ഒരുനേരം മാത്രം ആഹാരം കഴിച്ച് ജീവനും കൈയിൽ പിടിച്ച് കഴിഞ്ഞ അവസ്ഥയെ കുറിച്ചാണ് ഹരികൃഷ്ണൻ വിവരിക്കുന്നത്. തിരുവനന്തപുരം വെമ്പായം കൊപ്പം സ്വദേശിയായ ഹരികൃഷ്ണൻ യുക്രൈനിൽ മെഡിസിന് പഠിക്കുകയായിരുന്നു.
സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യ നാളുകളിൽ ശേഖരിച്ചു വെച്ചിരുന്ന ആഹാരം തീർന്നു തുടങ്ങിയപ്പോൾ ഭക്ഷണം രണ്ടു നേരം എന്നുള്ളത് ഒരു നേരമായി ചുരുക്കിയെന്നും ഭയത്തോടെയാണ് ഓരോ നാളുകളും തള്ളി നീക്കിയതെന്നും ഹരികൃഷ്ണൻ ഓർക്കുന്നു. ഷെല്ലുകൾ തങ്ങൾ താമസിക്കുന്നതിനടുത്തു വീണുപൊട്ടാൻ തുടങ്ങിയതോടെ തങ്ങൾ താമസിച്ചിരുന്ന കെട്ടിടം നന്നായി കുലുങ്ങുമായിരുന്നു. പിന്നെ നിലയ്ക്കാത്ത വെടിയൊച്ചകളും കേൾക്കാൻ തുടങ്ങി. ബങ്കറിനുള്ളിൽ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായിരുന്നു. മഞ്ഞു വീഴ്ച സമയത്തു അത് ശേഖരിച്ച് ഉരുക്കിയാണ് കുടിവെള്ളമായി ഉപയോഗിച്ചത്. ബങ്കറിനുള്ളിൽ കിടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇലക്ട്രിക് സബ് സ്റ്റേഷനും, വാട്ടർ സപ്ലെയും റഷ്യൻ സൈന്യം ബോംബിട്ടു തകർത്തതോടെ വൈദ്യുതിയും വെള്ളവും ലഭിക്കാതെയായി. ബങ്കറിനുള്ളിൽ സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പഠിക്കുന്ന ഹരികൃഷ്ണന് ഒപ്പം 600 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു അതിൽ 540 പേർ ഇന്ത്യക്കാരായിരുന്നു. അവരിൽ മുക്കാൽഭാഗവും മലയാളികളായിരുന്നുവെന്നും എല്ലാവരും നാട്ടിലേക്ക് തിരികെ എത്തിയെന്നും ഹരികൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുമിയിൽ നിന്നും റഷ്യ വഴി വരുന്നതിനായിരുന്നു എളുപ്പമാർഗം. എന്നാൽ യുക്രൈൻ അധികൃതർ ഇതിന് അനുമതി നൽകിയിരുന്നില്ല. റഷ്യ അതിർത്തി തുറന്നുകൊടുക്കുകയും വിദ്യാർത്ഥികൾക്ക് രക്ഷപ്പെടുന്നതിനായി 30 ബസ്സുകൾ അതിർത്തിയിൽ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ യുക്രൈൻ സർക്കാർ ഇത് തടസപ്പെടുത്തി. ഇതോടെ റഷ്യ വഴി രക്ഷപ്പെടാനുള്ള വഴി അടഞ്ഞുവെന്നും ഇന്ത്യൻ വിദ്യാർത്ഥികളെ സുമി സ്റ്റേറ്റിൽ നിന്നും പുറത്തുവിടാതെ നിർത്തിയാൽ ആ ഭാഗത്തുള്ള അക്രമങ്ങൾക്ക് ചെറിയ ഇളവ് കിട്ടുമെന്ന് ഭരണകൂടം കരുതിയിട്ടുണ്ടാകും എന്നു അവിടെ സംസാരം ഉണ്ടായിരുന്നെന്നും ഹരികൃഷ്ണൻ വ്യക്തമാക്കി.
നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് പോളണ്ടിലേക്ക് പോകാനുള്ള വഴിതെളിഞ്ഞത്. പോളണ്ടിലെത്തിയ ശേഷം അവിടെ നിന്നാണ് നാട്ടിലേക്ക് തിരിച്ചത്. ഇന്ത്യൻ എംബസി നല്ല സംരക്ഷണം നൽകിയാണ് ആണ് വിദ്യാർത്ഥികളെ നാട്ടിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതമായി നാട്ടിൽ തിരികെ എത്താൻ കഴിഞ്ഞതിന് ദൈവത്തിനും രക്ഷാപ്രവർത്തനത്തിനായി ഇടപെട്ടവർക്കും ഹരികൃഷ്ണൻ നന്ദി അറിയിക്കുകയും ചെയ്തു.

