ചെറുപാര്‍ട്ടികളേക്കാള്‍ വോട്ട് കുറവ്; യുപിയില്‍ 97% കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും കെട്ടി വച്ച കാശ് പോയെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: അരനൂറ്റാണ്ടോളം രാജ്യം തന്നെ ഭരിച്ച കോണ്‍ഗ്രസിന് ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശില്‍ കിട്ടിയ വോട്ട് വെറും 2.4 ശതമാനം. അതായത് ചെറുരാഷ്ട്രീയപാര്‍ട്ടിയായ രാഷ്ട്രീയലോക്ദളിനേക്കാള്‍ വോട്ട് കുറവാണ് ഇത്തവണ യുപിയില്‍ കോണ്‍ഗ്രസിന് കിട്ടിയത്. മത്സരിച്ച 399 സീറ്റുകളില്‍ 387 സീറ്റുകളിലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് പോയി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഒരു പാര്‍ട്ടിയുമായും സഖ്യത്തിന് പോകാതെ ഒറ്റയ്ക്ക് 403 സീറ്റുകളിലും മത്സരിച്ച ബിഎസ്പിയുടെ 290 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് പോയി. എന്നാല്‍, വന്‍വിജയം നേടിയെങ്കിലും ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് പോയിട്ടുണ്ട്. 347 സീറ്റുകളില്‍ മത്സരിച്ച എസ്പിയുടെ ആറ് സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, അപ്നാ ദള്‍ (സോനേലാല്‍ വിഭാഗം), നിഷാദ് (നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആം ദള്‍) എന്നീ ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന ചെറുപാര്‍ട്ടികള്‍ക്ക് ഒരു സീറ്റില്‍ പോലും കെട്ടിവച്ച കാശ് പോയിട്ടില്ല. 27 സീറ്റുകളിലാണ് ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് മത്സരിച്ചത്. എന്നാല്‍, എസ്പിയുടെ പങ്കാളികളായിരുന്ന എസ്ബിഎസ്പി, അപ്ദാ ദള്‍ (കമേരാവാദി) എന്നീ പാര്‍ട്ടികള്‍ക്ക് ആകെ 25 സീറ്റുകള്‍ കിട്ടിയതില്‍ 8 പേര്‍ക്കും കെട്ടിവച്ച പണം പോയി. ആര്‍എല്‍ഡിക്ക് പോലും 33 സീറ്റുകളില്‍ മൂന്നെണ്ണത്തിന് കെട്ടിവച്ച തുക നഷ്ടമായി. യുപിയില്‍ ആകെ മത്സരിച്ചത് 4442 പേരാണ്. ഇതില്‍ 3522 പേര്‍ക്കും കെട്ടിവച്ച തുക തിരികെ കിട്ടിയിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇങ്ങനെ ഓരോ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയത്തിന്റെ പടുകുഴിയിലേക്ക് താഴ്ന്ന് പോകുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെ മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തു കൂടിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്റെ ആലോചന. ഈ ഫോര്‍മുല അംഗീകരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് 23 തീരുമാനിച്ചു. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചുപണി വേണമെന്നാണ്് ജി 23 നേതാക്കളുടെ ആവശ്യം.