ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കോൺഗ്രസിലെ ജി 23 നേതാക്കൾ. ഗുലാം നബി ആസാദിന്റെ വീട്ടിൽ ജി 23 നേതാക്കൾ യോഗം ചേർന്നു. മാറ്റമില്ലാതെ കോൺഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവർത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. ഗാന്ധി കുടുംബം നേതൃത്വത്തിൽ നിന്ന് മാറണമെന്നും അശോഹ് ഗെഹ്ലോട്ടിനെയോ ഖാർഗെയെയോ നേതൃസ്ഥാനമേൽപ്പിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.
മുൻ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, എംപി വിവേക് തൻഘ, എഐസിസി ഭാരവാഹികളായ മുകുൾ വാസ്‌നിക്, ജിതേന്ദ്ര പ്രസാദ്, മുതിർന്ന നേതാക്കളായ ഭുപീന്ദർ സിംഗ് ഹൂഡ, രാജേന്ദ്ര കൗർ ഭട്ടാൽ, എം വീരപ്പമൊയ്‌ലി, പൃഥ്വിരാജ് ചൗഹാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ, അരവിന്ദ് സിംഗ് ലവ്‌ലി, കൗൾ സിംഗ് ഠാക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്. എന്നിവരാണ് ജി 23 അംഗങ്ങൾ.
കോൺഗ്രസിൽ നേതൃമാറ്റം വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. കോൺഗ്രസിന് പ്രത്യക്ഷത്തിലുള്ളതും സജീവമായതുമായ ഒരു അധ്യക്ഷൻ വേണമെന്നായിരുന്നു കത്തിൽ നേതാക്കൾ ആവശ്യപ്പെട്ടത്.

