ലാറ്റിനമേരിക്കൻ ബന്ധം ശക്തമാക്കാൻ 2 കോടി രൂപ; ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെയും ലാറ്റിനമേരിക്കയുടെയും സാധ്യതകളെ പരസ്പരം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, കാർഷിക മേഖലകളിൽ ലാറ്റിനമേരിക്കയുടെ സ്വാധീനമുണ്ടെന്ന് അദ്ദേഹം അറിയിച്ചത്.

പോർച്ചുഗീസുകാർ കേരളത്തിലേക്കു വന്ന കാലം മുതൽ ലാറ്റിനമേരിക്കൻ വിളകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഭൂമിശാസ്ത്രപരമായ സമാനതകൾ ഇരു പ്രദേശങ്ങളിലും ഉള്ളതുകൊണ്ട് ലാറ്റിനമേരിക്കൻ വിളകളും കൃഷികളും കേരളത്തിനും അനുയോജ്യമാണെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കേരള സർവകലാശാലയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ലാറ്റിനമേരിക്കൻ സ്റ്റഡീസിന്റെ നേതൃത്വത്തിൽ ഇത്തരം താരതമ്യ പഠനങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കും. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ലാറ്റിനമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ലാറ്റിനമേരിക്കൻ സെന്ററിന്റെ പഠന, ഗവേഷണ പ്രവർത്തനങ്ങൾക്കും തുടർപദ്ധതികൾക്കുമായി രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.