തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുകയാണ്. കൊവിഡില്‍ തകര്‍ന്ന ടൂറിസം മേഖല വീണ്ടും സജീവമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ധനമന്ത്രി പറഞ്ഞു. ടൂറിസം മേഖലയിലെ ചെറുകിട, ഇടത്തരം പദ്ധതികള്‍ക്കായി പലിശ കുറഞ്ഞ ലോണുകളും റിവോള്‍വിംഗ് ഫണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടൂറിസം മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങള്‍
- ബീച്ച് ടൂറിസത്തിനപ്പുറം കടല്‍ യാത്രാ പദ്ധതികളും ഉള്‍പ്പെടുത്തും. കോവളം, കൊല്ലം, കൊച്ചി, ബേപ്പൂര്‍, മംഗലാപുരം, ഗോവ തുടങ്ങിയ പ്രദേശങ്ങളെ കോര്‍ത്തിണക്കി ക്രൂയിസ് ടൂറിസം ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിക്കും.
- വിനോദസഞ്ചാര ഹബ്ബുകള്‍, ഡെസ്റ്റിനേഷന്‍ ചലഞ്ചുകള്‍ തുടങ്ങിയവ നടപ്പാക്കുന്നതിനായി 365. 15 കോടി രൂപ വകയിരുത്തും. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42 കോടി രൂപ അധികമാണ്.
- പരിസ്ഥിതി സൗഹൃദവും സ്വയം പര്യാപ്തവുമായ 25 ഹബ്ബുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സജ്ജമാക്കും. വിനോദ സഞ്ചാര മേഖലയുടെ വിപുലീകരണത്തിനും മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 81 കോടി രൂപ അനുവദിക്കും.
- കാരവാന്‍ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തും.
- ഒരു പഞ്ചായത്ത് ഒരു ഡെസ്റ്റിനേഷന്‍ പദ്ധതി, ടൂറിസം മേഖലയിലേയ്ക്ക് സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാനുള്ള വയബിലിറ്റി കെയര്‍ ഫണ്ട്, നിലവിലെ ഡെസ്റ്റിനേഷനുകളുടെയും ഉല്‍പ്പന്നങ്ങളുടെയും നവീകരണം തുടങ്ങിയ പദ്ധതികള്‍ക്കായി 130.14 കോടി രൂപ വകയിരുത്തും.
- ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനും വികസനത്തിനുമായി 1000കോടി രൂപയുടെ വായ്പകള്‍ പലിശ സബ്‌സിഡിയോടെ ലഭ്യമാക്കാനുള്‌ല പദ്ധതി തയ്യാറാക്കും. പലിശ ഇളവ് നല്‍കുന്നതിനായി 20 കോടി രൂപ മാറ്റി വയ്ക്കും.
- കേരളത്തിന്റെ തനത് ടൂറിസം ആകര്‍ഷണമായ വള്ളംകളി വീണ്ടും സജീവമാക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് 12 സ്ഥലങ്ങളില്‍ നടത്തുന്നതിനായി 15കോടി രൂപ മാറ്റിവയ്ക്കും.
- ടൂറിസം മേഖലയിലെ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി 29.3 കോടി രൂപ വകയിരുത്തും.
- തീര്‍ത്ഥാടന സര്‍ക്ക്യൂട്ടുകള്‍ ശക്തിപ്പെടുത്തും. ഇതിനായി വിപുലമായ പദ്ധതികള്‍ രൂപീകരിക്കും.

