പനജി: ഗോവയില്‍ കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തൂക്ക് മന്ത്രിസഭ വരുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. ജന്‍ കി ബാത്ത് സര്‍വെ ബിജെപിക്കും കോണ്‍ഗ്രസിനും 17 സീറ്റ് വീതമാണ് പ്രവചിക്കുന്നത്. സീ വോട്ടര്‍ കോണ്‍ഗ്രസിന് 16ഉും ബിജെപിക്ക് 15ഉം സീറ്റ് പ്രവചിക്കുന്നു. ടൈംസ് നൗ ബിജെപിക്ക് 14ഉം. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ സജീവമാക്കി ഇരു പാര്‍ട്ടികളും രംഗത്തു വന്നിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റ് വരെ പിടിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എംജിപിയുമായുള്ള സഖ്യത്തിലാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യം പിടിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാകും.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ബിജെപിയും കോണ്‍ഗ്രസും സഖ്യനീക്കം ആരംഭിച്ചു കഴിഞ്ഞു. തിരിച്ചടി മുന്നില്‍ കണ്ട് ബിജെപി ഇതിനോടകം എംജിപിയുമായും ചില സ്വതന്ത്രരുമായും തുറന്ന ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. തനിച്ച് ഭൂരിപക്ഷം ലഭിച്ചാലും ബിജെപിയുമായി സഹകരിക്കാത്ത ഏത് പാര്‍ട്ടിയുമായും സഖ്യധാരണയുണ്ടാക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് എഐസിസി അംഗം ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി. നാല് സീറ്റുവരെ സാധ്യത കല്‍പ്പിക്കുന്ന എഎപിയുടെയും എംജിപിയുടെയും നിലപാട് കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാകും
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. ചെറിയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി ബിജെപി അധികാരം പിടിക്കുകയായിരുന്നു. റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ പേരുകേട്ട കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ കോണ്‍ഗ്രസ് ഗോവയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും കോണ്‍ഗ്രസ് മുന്നേറുമെന്ന് ഡി.കെ.ശിവകുമാര്‍ പറഞ്ഞു. ഇതിനിടെ ഗോവയില്‍ തൃണമൂലുമായും ആംആദ്മി പാര്‍ട്ടിയുമായും സഖ്യമാകാമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്. 40 അംഗ ഗോവ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 21 സീറ്റുകളാണ്. ഇന്ത്യ ടുഡേ, ടൈംസ് നൗ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയാകും എന്നാണ് പ്രവചിച്ചിരിക്കുന്നത്.

