ആലപ്പുഴ: കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം സംരക്ഷണം നൽകുന്നത് ലഹരി മാഫിയ സംഘങ്ങൾക്കാണെന്നും കേരള പോലീസിന്റെ കൈകൾ ബന്ധിച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പോലീസിനെ നയിക്കുന്നതും ഏത് കണ്ടെത്തലിൽ എത്തിച്ചേരണമെന്ന് നിർദേശിക്കുന്നതും സിപിഎമ്മാണ്. പ്രതിഷേധമുയർത്താൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും ചുമതലകൾ നിർവഹിക്കുന്നതിൽ കേരളത്തിന്റെ മുഖ്യമന്ത്രി പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ. റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി നിർേദശിച്ചത്. രക്തം ചീന്തിയാലും കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കും. യുക്രൈനിൽ നിന്ന് വിദ്യാർഥികളെ തിരിച്ചെത്തിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സ്‌പെഷ്യൽ ഓഫീസർ വേണു രാജമണി വിടുവായത്വമാണ് ചെയ്യുന്നത്. വിദ്യാർഥികളെ എത്തിച്ചതിന്റെ മേനി നടിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്ര മുന്നേറ്റമാണ് കേരളത്തിൽ ബിജെപി നടത്തുന്നത്. ഇരുപതിനായിരം ബൂത്ത് സമ്മേളനങ്ങൾ ഇതിനോടകം സംഘടിപ്പിച്ച് കഴിഞ്ഞു. വിവിധ തുറകളിൽപ്പെട്ടവർ ബൂത്ത് സമ്മേളനങ്ങളിൽ പങ്കെടുത്തു. സർവ്വകാല റെക്കോർഡിലാണ് സമർപ്പണനിധിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ബിജെപിയുടെ വളർച്ച തടയാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിനായി തീവ്ര ഇസ്ലാമിക സംഘടനകളുടെ സഹായം തേടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി മുസ്ലീമിന് എതിരാണെന്ന് സിപിഎം പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

