ബഹിരാകാശ സഞ്ചാരികൾക്ക് വേണ്ടി സ്വന്തം മൂത്രം കുടിവെള്ളമാക്കുന്ന പദ്ധതിയുമായി ഇന്ത്യൻ ഗവേഷകർ

അഹമ്മദാബാദ്: ബഹിരാകാശ സഞ്ചാരികൾക്ക് വേണ്ടി സ്വന്തം മൂത്രം കുടിവെള്ളമാക്കി മാറ്റുന്ന ചെലവുകുറഞ്ഞ പദ്ധതിയുമായി ഇന്ത്യൻ ഗവേഷകർ. ഗുജറാത്തിലെ സൂറത്തിലുള്ള സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയിരിക്കുന്നത്. മനുഷ്യരുടെ ദീർഘകാല ബഹിരാകാശയാത്ര ദൗത്യങ്ങളിൽ നിർണായകമായേക്കുന്ന ഈ പദ്ധതിയ്ക്ക് ഐഎസ്ആർഒ പിന്തുണ നൽകുന്നുണ്ട്.

2023 ലെ ഗഗൻയാനിലൂടെ മനുഷ്യ ബഹിരാകാശ യാത്ര നടത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഗഗൻയാൻ പദ്ധതി ഇന്ത്യയെ ദീർഘകാല മനുഷ്യ ബഹിരാകാശ ദൗത്യത്തിന് ശ്രമിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാക്കി മാറ്റിയിരിക്കുകയാണ്. ഭ്രമണപഥത്തിലോ ബഹിരാകാശ നിലയത്തിലേക്കോ ടൺ കണക്കിന് വെള്ളം കൊണ്ടുപോകുന്നത് കാര്യക്ഷമമല്ലാത്തതും ചെലവേറിയതുമാണെന്ന് സൂറത്തിലെ എസ് വി എൻ ഐ ടി, കെമിക്കൽ എഞ്ചിനീയർമാരുടെ ഗവേഷക സംഘം വ്യക്തമാക്കുന്നത്.

പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ലീഡർ ഡോ.അൽക്ക മൻഗ്രേ, ഭർത്താവ് ഡോ. അരവിന്ദ് മൻഗ്രേ, ഡോ. ശ്രീറാം സോനവാനെ, അസ്ഫക് പട്ടേൽ എന്നിവരടങ്ങുന്ന സംഘം ഇതിനായി ബ്രീഫ്‌കേസ് വലുപ്പമുള്ള മൂത്ര പുനരുപയോഗ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചിരിക്കുകയാണ്. ഈ സംവിധാനം ബഹിരാകാശ ദൗത്യങ്ങളിൽ മനുഷ്യ മൂത്രത്തിൽ നിന്ന് കുടിവെള്ളത്തെ വേർതിരിച്ചെടുക്കും. 30 മാസം നീണ്ടുനിൽക്കുന്ന ഒരു ബഹിരാകാശ ദൗത്യത്തിലെ കാലയളവിൽ ഓരോ ക്രൂ അംഗത്തിനും 2,250 ലിറ്റർ വെള്ളവും 1,359 കിലോഗ്രാം ഭക്ഷണവും വേണ്ടിവരുമെന്നും അവർ 1,493 ലിറ്റർ മൂത്രം പുറന്തള്ളുമെന്നുമാണ് ഗവേഷകരുടെ വിലയിരുത്തൽ.

ബഹിരാകാശയാത്രികർക്കായി മാത്രം പേടകത്തിന്റെ മൊത്തത്തിലുള്ള ഭാരം വർദ്ധിപ്പിക്കുന്ന അധിക വസ്തുകൾ കയറ്റേണ്ടിവരും. സ്‌പേസ് ഷട്ടിലിൽ ഓരോ കിലോ ഭാരം കൂടുമ്പോഴും ചെലവ് 25,000 ഡോളർ മുതൽ 60,000 ഡോളർ വരെ വർദ്ധിച്ചേക്കാനിടയുണ്ട്. ഇത് പ്രവർത്തനച്ചെലവിനെ നേരിട്ട് ബാധിക്കുന്നുമെന്ന് ഡോ അൽക്ക പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയങ്ങളിൽ പ്രവർത്തിക്കുന്ന നിലവിലെ മൂത്ര പുനരുപയോഗ സംവിധാനങ്ങൾ വളരെ വലുതും സങ്കീർണ്ണവുമാണ്. കൂടാതെ വളരെയധികം അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതും ചെലവേറിയതുമാണെന്നും അൽക്ക വെളിപ്പെടുത്തി.

മനുഷ്യ മൂത്രത്തിൽ ഏകദേശം 95% വെള്ളവും ബാക്കി 5% യൂറിയയും ഉള്ള മൈക്രോ, മാക്രോ ന്യൂട്രിയന്റുകളുമാണുള്ളത്. അതിനാൽ ബഹിരാകാശ സംഘത്തിന് ആവശ്യമുള്ള ജലത്തിന്റെ 60% ലധികം നൽകാൻ പുറന്തള്ളുന്ന മൂത്രത്തിലൂടെ കഴിയുമെന്നും ശേഷിക്കുന്ന മൂത്രം ഒരു ഹൈഡ്രോപോണിക് പ്രക്രിയയിലൂടെ ബഹിരാകാശ നിലയങ്ങളിലെ ഭക്ഷ്യ-അധിഷ്ഠിത സസ്യങ്ങൾക്ക് വളമായി ഉപയോഗിക്കാനും സാധിക്കുമെന്നും ഗവേഷകർ പറയുന്നു.