തിരികെയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ കോളേജുകളില്‍ പ്രവേശനം നല്‍കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി രണ്ട് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ കീഴിലുള്ള കോളേജുകളിലോ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളിലോ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനുള്ള സൗകര്യം ഒരുക്കണം. യുക്രൈനിലേത് അടിയന്തര സാഹചര്യമായി പരിഗണിച്ച ശേഷം അവിടുത്തെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുന്നത് വരെ ഇതിനുള്ള സൗകര്യം ഒരുക്കണം. യുക്രൈനിലെ ബന്ധപ്പെട്ട അധികാരികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയം ചര്‍ച്ച ചെയ്യണം-ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളില്‍ പലരുടേയും ഭാവി അനിശ്ചിതത്വത്തിലാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പഠനം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. യുക്രൈനിലേക്ക് ഇനി തിരികെ പോകാനാമുകോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും, ആയതിനാല്‍ ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.