പൂനെ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

32.2 കിലോമീറ്റര്‍ നീളമുള്ള പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ 12 കിലോമീറ്റര്‍ ദൂരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വനസ് മുതല്‍ ഗാര്‍വെയര്‍ കോളേജ് മെട്രോ സ്റ്റേഷന്‍, പിസിഎംസി മുതല്‍ ഫുഗേവാഡി മെട്രോ സ്റ്റേഷന്‍ എന്നിങ്ങനെ 2 റൂട്ടുകളിലാണ് പുനെ മെട്രോ സര്‍വീസ് നടത്തുന്നത്. ഗാര്‍വെയര്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആനന്ദനഗര്‍ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്തു. പൂനെയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

പൂനെ മെട്രോ ജനങ്ങളുടെ ഗതാഗതം സുഗമമാക്കുമെന്നും നഗരത്തെ മലിനീകരണ വിമുക്തമാക്കുമെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മികച്ച യാത്രാമാര്‍ഗം ഉപയോഗിക്കാന്‍ ആളുകളെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2016 ഡിസംബര്‍ 24നാണ് പ്രധാനമന്ത്രി പദ്ധതിക്കു തറക്കല്ലിട്ടത്. 11,400 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്.

പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വളപ്പില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി, ഉപമുഖ്യമന്ത്രി അജിത് പവാര്‍, മഹാരാഷ്ട്ര നിയമസഭാ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, പൂനെ മേയര്‍ മുരളീധര്‍ മൊഹോള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.