ആശ്വാസ നടപടി; വിദേശത്ത് മെഡിക്കൽ ഇന്റേൺഷിപ്പ് മുടങ്ങിയവർക്ക് ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം നൽകും

ന്യൂഡൽഹി: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കാതെ തിരികെയെത്തിയവർക്ക് ആശ്വാസ നടപടിയുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. കോവിഡ് വൈറസ് വ്യാപനത്തിന്റെയും യുദ്ധത്തിന്റെയും സാഹചര്യത്തിൽ വിദേശത്ത് നിന്നും ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെ മടങ്ങിയവർക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം നൽകുമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി.

റഷ്യ യുക്രൈൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് വിദ്യാർത്ഥികൾക്ക് 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകുമെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. ഇതുസംബന്ധിച്ച സർക്കുലറും കമ്മീഷൻ പുറത്തിറക്കി. 2021 നവംബർ 18-ന് മുമ്പ് വിദേശത്ത് നിന്നും മെഡിക്കൽ ബിരുദം നേടിയവർക്കാകും ഈ അവസരം ലഭിക്കുക. എഫ്എംജി പരീക്ഷ പാസായാൽ ഇതിനുള്ള അനുമതി നൽകുമെന്ന് കമ്മീഷൻ അറിയിച്ചു. പഠനം തുടരാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന് യുക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് അനുകൂലമായ തീരുമാനം നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ നിന്ന് ഉൾപ്പെടെ വിദ്യാർത്ഥികൾ മടങ്ങിയിരുന്നു. നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ തീരുമാനത്തോടെ ഈ വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അവസരം ലഭിക്കും.