കീവ്: യുക്രൈനിൽ താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം ആരംഭിച്ചതിന്റെ പത്താം ദിവസമാണ് റഷ്യ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യൻ സമയം രാവിലെ 11.30 ഓടെയാണ് റഷ്യ യുക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതേസമയം, റഷ്യൻ നീക്കത്തോട് യുക്രൈൻ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
മരിയുപോൾ, വോൾനോവാഖ എന്നീ നഗരങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം അനുവദിച്ചിരിക്കുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വോൾനോവോഖ നഗരത്തിൽ മാത്രം 20,000 ജനങ്ങൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. 1,60,000 പേരെങ്കിലും യുക്രൈനിലുണ്ടെന്നാണ് യുഎൻ ഏജൻസികൾ വ്യക്തമാക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കാതെ ജനങ്ങളെ ഒഴിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് റഷ്യയെയും യുക്രൈനെയും ഇന്ത്യ അറിയിച്ചിരുന്നു.
യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യ ബസുകൾ തയ്യാറാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 130 ബസുകളാണ് റഷ്യ തയ്യാറാക്കിയത്. ഖാർകീവ്, സുമി എന്നിവിടങ്ങളിൽ കുടുങ്ങിയവരെ ബൽഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഖാർകീവ്, പിസോച്ചിൻ സുമി തുടങ്ങിയ ഇടങ്ങളിൽ മലയാളികൾ ഉൾപ്പടെ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ തിരികെയെത്തിനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതോടെയാണ് ഇവരെ തിരികെ എത്തിക്കാനായി ഇന്ത്യ റഷ്യയുടെ സഹായം തേടിയത്. രക്ഷാ ദൗത്യത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താനായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു.

