പാകിസ്താൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് കയറ്റി അയച്ചത് മോശം നിലവാരത്തിലുള്ള ഗോതമ്പ്; ആരോപണവുമായി താലിബാൻ

കാബൂൾ: പാകിസ്താനെ കുറ്റപ്പെടുത്തി താലിബാൻ. അഫ്ഗാനെ സഹായിക്കാനായി അയൽരാജ്യങ്ങൾ ഭക്ഷ്യധാന്യങ്ങൾ നൽകിയതിനു പിന്നാലെയാണ് പാകിസ്താനെ കുറ്റപ്പെടുത്തി താലിബാൻ രംഗത്തെത്തിയത്. വളരെ മോശം നിലവാരത്തിലുള്ള ഗോതമ്പാണ് പാകിസ്താൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് കയറ്റി അയച്ചതെന്നായിരുന്നു താലിബാന്റെ കുറ്റപ്പെടുത്തൽ. എന്നാൽ ഇന്ത്യ അയച്ചു നൽകിയ ധാന്യം ഉയർന്ന നിലവാരത്തിലുള്ളതാണെന്നും താലിബാൻ വ്യക്തമാക്കി. താലിബാൻ നേതാക്കളിലൊരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

പാകിസ്താൻ നൽകിയ ഗോതമ്പ് ഭക്ഷ്യയോഗ്യമല്ലെന്നു പറയുന്ന താലിബാൻ ഉദ്യോഗസ്ഥൻ എന്ന പേരിൽ അഫ്ഗാനിസ്താനിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനായ അബ്ദുള്ളാഖ് ഒമേറിയാണ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്. അഫ്ഗാനിസ്താനിലെ ജനങ്ങൾ മികച്ച നിലവാരത്തിലുള്ള ഗോതമ്പ് നൽകിയ ഇന്ത്യയെ പ്രകീർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാകിസ്താാനെതിരെ വിമർശനവുമായി എത്തിയ ഉദ്യോഗസ്ഥനെ താലിബാൻ സ്ഥാനത്തു നിന്ന് നീക്കിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

യുഎസ് സൈന്യം പിന്മാറിയതോടെയാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയത്. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന താലിബാനെതിരെ പിന്നീട് ലോകരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഫ്ഗാനിസ്താന് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്.

ഇന്ത്യയിൽ നിന്ന് പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാന് ഗോതമ്പ് എത്തിക്കുന്നത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു അഫ്ഗാനിസ്ഥാനിലേയ്ക്ക് ഗോതമ്പ് എത്തിച്ചത്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യ അഫ്ഗാനിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ മൊത്തം 50,000 ടൺ ഗോതമ്പാണ് എത്തിക്കുന്നത്. അഫ്ഗാനിസ്താനിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.