യുക്രൈനിൽ നിന്നെത്തുന്ന അഭയാർത്ഥികൾക്ക് നിബന്ധനകൾ ഇല്ലാതെ മൂന്നു വർഷം വരെ രാജ്യത്ത് തുടരാം; അനുമതി നൽകി ബ്രിട്ടൺ

ലണ്ടൻ: യുക്രൈനിൽ നിന്നെത്തുന്ന അഭയാർത്ഥികൾക്ക് നിബന്ധനകൾ ഇല്ലാതെ മൂന്നു വർഷം വരെ രാജ്യത്ത് തുടരാനുള്ള അനുമതി നൽകി ബ്രിട്ടൺ. ഇതുസംബന്ധിച്ച ഉത്തരവ് ബ്രിട്ടൺ പുറത്തിറക്കി. നേരത്തെ ഒരു വർഷത്തെ വിസയായിരുന്നു യുക്രൈൻ അഭയാർത്ഥികൾക്കായി ബ്രിട്ടൺ പ്രഖ്യാപിച്ചിരുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോയതോടെ ബ്രിട്ടൻ പല മേഖലകളിലും ജീവനക്കാരുടെ ക്ഷാമം അനുഭവിക്കുകയാണ്.

ആരോഗ്യ മേഖലയിലും ഹോസ്പിറ്റാലിറ്റി മേഖലയിലുമൊക്കെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു ഇന്ത്യാക്കാർക്കുള്ള വിസ നിയമത്തിൽ ഇളവുകൾ വരുത്തി സ്‌പോൺസർമാരുടെ അവശ്യമില്ലാതെ തന്നെ മൂന്നു വർഷം വരെ ബ്രിട്ടനിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള അനുവാദം നൽകിയിരുന്നത്.

സ്റ്റുഡന്റ്‌സ് വിസയിലെത്തുന്നവർക്കും പഠനം പൂർത്തിയാക്കിയതിനു ശെഷം രണ്ടു വർഷം വരെ ജോലിചെയ്ത് ബ്രിട്ടനിൽ താമസിക്കാനുള്ള അനുമതിയും ബ്രിട്ടൺ നൽകിയിരുന്നു. ഇനി മുതൽ ഏതൊരു യുക്രെയിൻ പൗരനും ബ്രിട്ടനിലെത്തി മൂന്നു വർഷം വരെ തൊഴിലെടുത്ത് ജീവിക്കാം. ബ്രിട്ടനിലെത്താവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. പ്രതിവാരം 6000 വിസ അപേക്ഷകൾ കൈകാര്യം ചെയ്യുവാനുള്ള തയ്യാറെടുപ്പുകൾ ബ്രിട്ടൻ നടത്തിക്കഴിഞ്ഞു. എന്നാൽ ഈ പരിധി ഇനിയും ഉയർത്താനാണ് സാധ്യത.