തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലെ നിയമവാഴ്ച യുക്രൈൻ യുദ്ധം പോലെയാണെന്നും ഗുണ്ടാ വാഴ്ച കാരണം സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ഗുണ്ടാ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
പുതിയ പദ്ധതികൾ നടപ്പാക്കണമെങ്കിൽ ആദ്യം ഇവിടുത്തെ നിയമവാഴ്ച നന്നാവണം. സംസ്ഥാനത്തെ പദ്ധതികളിൽ സർക്കാരിന് ആകെ ഉയർത്തിക്കാട്ടാനുള്ളത് കെ റെയിൽ മാത്രമാണ്. എന്നാൽ കെ റെയിലിന് കൃത്യമായ വിശദീകരണം നൽകാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും കെ റെയിലിലൂടെ പിണറായി ലക്ഷ്യമിടുന്നത് അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ ഉള്ള ട്രെയിനുകളുടെ വേഗത കൂട്ടേണ്ട പ്രശ്നമേ കേരളത്തിൽ ഉള്ളൂവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ഗുണ്ടകൾ വ്യവസായികളെ കൊല്ലാക്കൊല ചെയ്യുകയാണെന്നും ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഓരോ ദിവസവും കൊലപാതകവും ഗുണ്ടാ വിളയാട്ടവുമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ചെറിയ സംരംഭകരാണ് കേരളത്തിൽ വലിയ പ്രശ്‌നം നേരിടുന്നത്. ദിവസംതോറും ഗുണ്ടാവിളയാട്ടം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

