സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഫീസ് കുറയ്ക്കും; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകളിലെ 50% സീറ്റുകളിൽ ഫീസ് കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ. സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും ഡീംഡ് സർവകലാശാലകളിലെയും പകുതി സീറ്റുകളിലേക്കുള്ള ഫീസ് അതത് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളുടെ ഫീസിന് തുല്യമാക്കണമെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ഫീസ് കുറയ്ക്കുന്നത് അടുത്ത അദ്ധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്നും ഓരോ സംസ്ഥാനത്തിന്റെയും ഫീസ് സ്ഥിരീകരണ സമിതി അതാത് മെഡിക്കൽ കോളേജുകളിൽ മാർഗനിർദേശങ്ങൾ നിർബന്ധമായും നടപ്പാക്കേണ്ടി വരുമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. വിദ്യാഭ്യാസം ‘ലാഭത്തിന് വേണ്ടിയല്ല’ എന്ന തത്വം കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അമിതമായ ലാഭഘടകങ്ങൾ ഫീസിൽ ചേർക്കാൻ അനുവദിക്കരുതെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ വിശദമാക്കി.

പെബ്രുവരി മൂന്നിനാണ് സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും ഡീംഡ് സർവകലാശാലകളിലെയും 50% സീറ്റുകളുടെ ഫീസ് സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ സർക്കാർ സർവകലാശാലയ്ക്ക് തുല്യമാക്കാൻ തീരുമാനിച്ചതായി അറിയിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ മെമ്മോറാണ്ടം നൽകിയിരുന്നത്.