ഖാർകീവ്: ഖാർകീവ് പൂർണ്ണമായും നിയന്ത്രണത്തിലാക്കി റഷ്യ. എന്നാൽ ഇവിടെ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ പുറത്തുകടക്കാൻ റഷ്യ സഹായിക്കുന്നുണ്ടെന്നാണ് വിവരം. ഖാർകീവിലെ ഇന്ത്യക്കാരുടെ ക്യത്യമായ കണക്ക് ലഭ്യമല്ലാത്തത് രക്ഷാദൗത്യത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഖാർകീവിലുള്ള ഇന്ത്യാക്കാരുടെ വിവരം തേടി ഏംബസി ഗൂഗിൾ ഫോം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ഹാർകീവ് വിട്ട് പിസോച്ചിനിൽ എത്തിയവർ ഒഴികെയുള്ളവരെല്ലാം ഉടൻ തന്നെ ഈ ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശം. എംബസിയുടെ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമ ഹാൻഡലുകളിൽ നിന്നും ഗൂഗിൾ ഫോം ലിങ്ക് ലഭിക്കും. ഖാർകീവ് വിട്ട് എത്തിയവർ എല്ലാവരും ഈ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ആദ്യഘട്ടത്തിൽ യുക്രൈനിലുള്ള ഇരുപതിനായിരം ഇന്ത്യക്കാരാണ് രജിസ്റ്റർ ചെയ്തതെന്നും രജിസ്ട്രേഷൻ നടത്താത്ത ധാരാളം പേർ ഇനിയും അവിടെയുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇതുവരെ 18,000 ഇന്ത്യൻ പൗരന്മാരാണ് യുക്രൈൻ വിട്ടത്. 6,400 ഇന്ത്യക്കാരെ തിരികെ എത്തിച്ചു. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഇതുവരെ 30 വിമാനങ്ങൾ സർവീസ് നടത്തിയെന്നും അദ്ദേഹം വിശദമാക്കി.
അടുത്ത 2-3 ദിവസത്തിനുള്ളിൽ ധാരാളം ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങിയെത്തും. യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി കടക്കാൻ കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. കീവിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയായ വിദ്യാർത്ഥി നവീനിന്റെ മൃതദേഹം എത്രയും പെട്ടെന്ന് കൊണ്ടുവരാനാണ് ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

