യുക്രൈനിൽ കുടുങ്ങിയ പൗരൻമാരെ തിരികെ എത്തിക്കാൻ ഇന്ത്യയുടെ സഹായം തേടി നേപ്പാൾ

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ പൗരൻമാരെ സുരക്ഷിതമായി തിരികെ എത്തിക്കാൻ ഇന്ത്യയുടെ സഹായം തേടി നേപ്പാൾ. യുക്രൈനിൽ നേപ്പാളിന് നയതന്ത്ര കാര്യാലയമില്ലാത്തതും യുക്രൈനിൽ നിന്ന് നേപ്പാളിലേക്ക് വിമാന സർവീസുകൾ ഇല്ലാത്തതും പൗരന്മാരെ ഒഴിപ്പിക്കാൻ തടസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് രക്ഷാ ദൗത്യത്തിനായി നേപ്പാൾ ഇന്ത്യയുടെ സഹായം തേടിയത്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ അകപ്പെട്ട നേപ്പാൾ പൗരന്മാരെ തിരികെ എത്തിക്കാൻ സഹായിക്കാമെന്ന് കേന്ദ്ര സർക്കാർ നേപ്പാളിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ യുക്രൈൻ നയതന്ത്ര കാര്യാലയത്തെയാണ്. യുക്രൈനിലേക്കുള്ള യാത്രക്കായി നേപ്പാൾ പൗരന്മാർ പ്രധാനമായും ആശ്രയിക്കുന്നത്. എത്ര നേപ്പാൾ പൗരന്മാർ യുക്രൈനിലുണ്ടെന്നത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. എന്നാൽ 200 ൽ അധികം നേപ്പാൾ പൗരന്മാർ യുക്രൈനിലുണ്ടെന്നാണ് ചില പ്രവാസി സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്.

സാധ്യമായ ഏതെങ്കിലും മാർഗ്ഗത്തിലൂടെ രാജ്യത്തേക്ക് മടങ്ങാൻ യുക്രൈനിലുള്ള നേപ്പാൾ പൗരന്മാരോട് നേരത്തെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. യുക്രൈനിലേക്കുള്ള യാത്ര മാറ്റി വക്കാനും നേപ്പാൾ നിർദ്ദേശിച്ചിരുന്നു.