എല്ലാ വെള്ളിയാഴ്ചയും പൊതുജനങ്ങൾക്ക് കളക്ടറെ നേരിൽ കണ്ട് പരാതികൾ ബോധിപ്പിക്കാൻ അവസരമൊരുക്കണം; റവന്യു മന്ത്രി

തിരുവനന്തപൂുരം: എല്ലാ വെള്ളിയാഴ്ചയും പൊതുജനങ്ങൾക്ക് ജില്ലാ കളക്ടറെ നേരിൽ കണ്ട് പരാതികൾ ബോധിപ്പിക്കാൻ അവസരമൊരുക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ. തിരുവനന്തപുരം ജില്ലാ കളക്‌ട്രേറ്റിലെ നവീകരിച്ച കോൺഫ്രൻസ് ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ 12 വരെ പൊതുജനങ്ങൾക്ക് ജില്ലാ കളക്ടറെ നേരിൽ കണ്ട് പരാതികൾ ബോധിപ്പിക്കാൻ അവസരമൊരുക്കണമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം.

സംസ്ഥാനത്തെ ഏറ്റവും മികച്ച കളക്ടറേറ്റെന്ന പദവിക്ക് അർഹമായ തിരുവനന്തപുരം കളക്ടറേറ്റിലെ ജീവനക്കാരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മന്ത്രി അടുത്ത ഒരു വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ സമ്പൂർണ്ണ ഇ- ജില്ലയായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ ജീവനക്കാരിലെ കലാ, കായിക, സാംസ്‌കാരിക പ്രതിഭകളെ കണ്ടെത്താനായി പ്രഥമ സംസ്ഥാന റവന്യൂ കലോത്സവം ഈ മാസം അവസാനം തൃശൂരിൽ നടക്കും. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനഭാരം ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. എന്നാൽ റവന്യൂ വകുപ്പിന്റെ ബ്രാൻഡ് അംബാസിഡർമാരായ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ പരമാവധി ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

തിരുവനന്തപുരം സിവിൽ സ്റ്റേഷനിലെ വിപുലീകരിച്ച പാർക്കിംഗ് സംവിധാനം, അപ്രോച്ച് റോഡ്, നിരീക്ഷണത്തിനായി സി.സി.ടി.വി സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു. ജീവനക്കാർക്ക് വേണ്ടിയുള്ള പഞ്ചിംഗ് സംവിധാനം ഉടൻ നിലവിൽ വരും. കൂടാതെ പുതിയ കോർട്ട് ഹാൾ, ഓപ്പൺ ജിം തുടങ്ങിയവയും ഉടൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ജില്ലയിൽ ഇതുവരെ 20 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളാക്കിയിട്ടുണ്ട്. 37 വില്ലേജുകളിൽ സ്മാർട്ട് ഓഫീസുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും കളക്ടർ വ്യക്തമാക്കി.

എ.ഡി.എം ഇ. മുഹമ്മദ് സഫീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി, അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി, ഡെപ്യൂട്ടി കളക്ടർമാരായ ജേക്കബ് സഞ്ജയ് ജോൺ, പ്രിയ.ഐ.നായർ, സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ സജികുമാർ.എസ്.എൽ, ഹുസൂർ ശിരസ്തദാർ അനിൽ കുമാർ ടി.എസ് എന്നിവരും ജീവനക്കാരും പങ്കെടുത്തു.