മുംബൈ: ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ആര്യനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചിട്ടില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ചാറ്റുകളിലെ പരിശോധനയില്‍ ലഹരി മാഫിയയുമായി ബന്ധം തെളിയിക്കുന്നതൊന്നുമില്ലെന്നും ഗൂഢാലോചനാ വാദം നിലനില്‍ക്കാത്തതാണെന്നുമാണ് എന്‍സിബിയുടെ കണ്ടെത്തല്‍. അതേസമയം, റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നത് പ്രധാന പിഴവായി എന്‍സിബി ചൂണ്ടിക്കാട്ടി. രണ്ട് മാസത്തിനകം എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. ഒരുമാസത്തെ ജയില്‍ വാസത്തിന് ശേഷം ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം നല്‍കി. രാജ്യം വിട്ടു പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.
ആര്യനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയാണ് ഹൈക്കോടതിയില്‍ ഹാജരായത്. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജൂഹിയാണ് കേസില്‍ ആര്യന് കോടതിയില്‍ ജാമ്യം നിന്നത്.

