യുക്രൈനിൽ ആക്രമണം തുടർന്ന് റഷ്യ; ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശം

കീവ്: യുക്രൈനിൽ റഷ്യ രൂക്ഷമായ ആക്രമണം തുടരുന്നു. ആദ്യഘട്ട സമാധാന ചർച്ചകൾക്ക് ശേഷവും റഷ്യ ആക്രമണം തുടരുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. കീവിൽ ഉൾപ്പെടെ ആക്രമണം ശക്തമായിട്ടുണ്ട്. കീവിനടത്തുള്ള ബ്രോവറിയിൽ ഉണ്ടായ വ്യോമാക്രമണത്തിൽ ബ്രോവറി മേയർക്ക് ഉൾപ്പെടെ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണ മേഖലയിൽ നിന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഖാർഖീവിലും വലിയ ആക്രമണങ്ങൾ നടക്കുകയാണ്.

അതേസമയം, സ്‌നേക്ക് ഐലൻഡിലെ 13 യുക്രൈൻ സൈനികർ ജീവനോടെയുണ്ടെന്ന് യുക്രൈൻ അറിയിച്ചു. റഷ്യൻ ആക്രണണത്തിൽ ഇവർ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇവർ എല്ലാവരും റഷ്യൻ സൈന്യത്തിന്റെ പിടിയിലാണ്. റഷ്യ നടത്തിയ ആക്രമണത്തിൽ ദ്വീപിലെ ലൈറ്റ്ഹൗസും വിവര വിനിമയ സംവിധാനവുമടക്കം എല്ലാം തകർന്നിരുന്നു. പിന്നാലെ അയച്ച സിവിലിയൻ കപ്പലിലുള്ളവരെയും റഷ്യ പിടികൂടിയെന്നാണ് യുക്രൈൻ പറയുന്നത്.

യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച ഉടൻ നടക്കുമെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിൽ നിന്നും രക്ഷപ്പെടാനായി ജനങ്ങൾ കൂട്ടപ്പലായനം നടത്തുകയാണ്. 5,20,000 പേർ യുക്രൈനിൽ നിന്നും പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഒന്നരലക്ഷത്തിലധികം പേർ ഒറ്റപ്പെട്ടു പോയെന്നും നാല് ദശലക്ഷത്തിലധികം പേർ അഭയാർഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.