തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പ്രതിവാര ആഭ്യന്തര സർവ്വീസുകളുടെ എണ്ണം വർധിക്കുന്നു. മാർച്ച് 1 മുതൽ ആഭ്യന്തര സർവീസുകളുടെ പ്രതിവാര എണ്ണം 60 ൽ നിന്ന് 79 ആയി ഉയരുമെന്ന് അധികൃതർ അറിയിച്ചു. വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ അധിക സർവീസുകൾ പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ബാംഗ്ലൂരിലേക്കുള്ള സർവീസുകൾ ആഴ്ചയിൽ 20 എണ്ണമാക്കി ഉയർത്താൻ ഇൻഡിഗോ എയർലൈൻസ് തീരുമാനിച്ചു. നിലവിൽ ഇത് ഏഴെണ്ണമാണുള്ളത്.
തിരുവനന്തപുരം-ബെംഗളൂരു ടിക്കറ്റിനായുള്ള തിരക്ക് പരിഗണിച്ചാണ് സർവ്വീസുകൾ ഉയർത്താൻ തീരുമാനിച്ചത്. പ്രവൃത്തി ദിവസങ്ങളിൽ മൂന്ന് സർവീസുകളുണ്ടാകും. ഇതിൽ രണ്ടെണ്ണം രാവിലെയും ഒന്ന് വൈകുന്നേരവും ആയിരിക്കും. അതേസമയം, കണ്ണൂരിലേക്കും കൊച്ചിയിലേക്കും ദിവസവും സർവീസ് ഉണ്ടാകും. നേരത്തെ ഇത് ആഴ്ചയിൽ 4 ആയിരുന്നു. കേരളത്തിനുള്ളിലെ കണക്റ്റിവിറ്റി വർധിപ്പിക്കാൻ ഈ തീരുമാനം സഹായിക്കും. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവീസുകൾ തുടരുമെന്നും അധികൃതർ വിശദമാക്കി.
ഡൽഹി, പൂനെ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ ആരംഭിക്കും. അതിന് പുറമെ, ഗൾഫ് രാജ്യങ്ങളിലേക്കടക്കം അന്താരാഷ്ട്ര സർവീസുകളും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

