തമിഴ് താരം അജിത്ത് കുമാറിന്റെ പുതിയ ചിത്രം വലിമൈയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി ആദ്യം പരിഗണിച്ചത് ടൊവിനോ തോമസിനെ ആയിരുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ മിന്നൽ മുരളിക്കുവേണ്ടി താൻ ഈ അവസരം വേണ്ടെന്നു വയ്ക്കുകയായിരുവെന്ന് ടൊവിനോ പറയുന്നു.
തനിക്ക് വലിയ ഇഷ്ടമുള്ളൊരു നടനാണ് അജിത്ത് കുമാർ. പക്ഷെ അതിനേക്കാൾ താൻ മിന്നൽ മുരളിക്കാണ് പ്രാധാന്യം കൊടുത്തതെന്നും കൊടുക്കേണ്ടി ഇരുന്നതെന്നും ടൊവിനോ വെളിപ്പെടുത്തി. അത് ശരിയായ തീരുമാനം തന്നെ ആയിരുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത് അതാണ് കാലം തെളിയിച്ചതെന്നും താരം വ്യക്തമാക്കി. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.
അതേസമയം ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദയിലെ ഒരു കഥാപാത്രത്തിലേക്കും ടൊവിനോയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. മിന്നലിന്റെ ഷൂട്ട് നടക്കുമ്പോഴാണ് അമീർ ഖാൻ ലാൽ സിംഗ് ഛദ്ദ എന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ വിളിക്കുന്നത്. അത് ഒരു സൗത്ത് ഇന്ത്യൻ കഥാപാത്രമായിരുന്നു. അത് ചെയ്യണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. പക്ഷെ മിന്നലിന്റെ ഷൂട്ട് എപ്പോൾ വേണമെങ്കിലും തുടങ്ങാം എന്ന അവസ്ഥയായതു കൊണ്ടാണ് ഈ അവസരം വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

