റഷ്യ-യുക്രൈന്‍ സംഘര്‍ഷം; യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗം ഇന്ന്‌

യുക്രൈനില്‍ റഷ്യയുടെ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗം ഇന്ന് രാത്രി ചേരും. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

193 അംഗങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്ത് സുപ്രധാന നടപടികള്‍ കൈക്കൊള്ളാനാണ് ഐക്യരാഷ്ട്ര സഭയുടെ നീക്കം. പതിനഞ്ചംഗ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തിരുന്നു. 1956 മുതലുള്ള ചരിത്രത്തിലെ 11-ാമത് അടിയന്തര യോഗമാണ് ഇന്ന് രാത്രി നടക്കുന്നത്. കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേല്‍ ഹൗസിംഗ് സെറ്റില്‍മെന്റ് ഉണ്ടാക്കിയ പശ്ചാത്തലത്തില്‍ 1997ലാണ് ഇതിന് മുന്‍പ് യു എന്‍ അടിയന്തരയോഗം ചേര്‍ന്നിട്ടുള്ളത്.

ഐക്യരാഷ്ട്ര സഭ റഷ്യക്കെതിരായി ഇറക്കിയ പ്രമേയത്തിന് ഇന്ത്യയും ചൈനയും യുഎഇയും പിന്തുണച്ചിരുന്നില്ല. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ 64 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ ഇന്നലെ അറിയിച്ചിരുന്നു. യുക്രൈനിലെ സാധാരണക്കാരായ 240 പേര്‍ക്ക് ഗുരുതരമായ പരുക്ക് പറ്റിയെന്നും ഇതില്‍ 64 പേര്‍ കൊല്ലപ്പെട്ടെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.