യുക്രൈനിൽ നിന്നും മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകാൻ പ്രത്യേക ടാസ്ക് ഫോഴ്സ്

തിരുവനന്തപുരം: യുക്രൈനിൽ നിന്നും ഇന്ന് 27 മലയാളികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണറും നോർക്കയുടെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾ ഇന്ത്യയിലെത്തുന്ന മുറയ്ക്ക് അവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്ട്‌സ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തും. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായവും, 24 മണിക്കൂർ സെല്ലും നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ http://ukrainregistration.norkaroots.org/ എന്ന ലിങ്ക് വഴി വിവരശേഖരണം നടത്തും. പാസ്‌പോര്ട്ട് വിവരങ്ങൾ, പഠിക്കുന്ന സർവകലാശാല വിവരങ്ങൾ തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോർക്ക ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രയ്നിലെ ഇന്ത്യൻ എംബസിക്കും കൈമാറും. കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തെത്തിക്കുക എന്നതിനാണ് മുഖ്യ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തും. എംബസി മുഖാന്തിരം എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സഹായം ലഭ്യമാക്കും. അതിനായി മലയാളി വിദ്യാർത്ഥികൾക്ക് മാത്രമായി പ്രത്യേകം പോർട്ടൽ തുടങ്ങിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ നോർക്കയിൽ സജീവമായിക്കഴിഞ്ഞു. നോർക്കയുടെ ഇ മെയിൽ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം.

നോർക്ക തന്നെ മുൻകയ്യെടുത്ത് ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. അമിത ആശങ്കയ്ക്ക് വഴിപ്പെടാതെ യുദ്ധ സാഹചര്യത്തിൽ ലഭിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാനാണ് എംബസി അറിയിച്ചിട്ടുള്ളത്. ഇന്ത്യക്കാരെ ഉക്രൈനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്‌ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതിയെന്ന് അദ്ദേഹം വിശദമാക്കി.

ഇതിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. എയർ ഇന്ത്യ വിമാനങ്ങൾ റൊമേനിയയിലേക്ക് അയക്കും. ഇപ്പോൾ ഉക്രൈനിലുള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.

മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.

അതേസമയം, യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനം എഐ 1941 ഡൽഹിയിൽ നിന്ന് റൊമാനിയയിലേക്ക് തിരിച്ചു. എയർ ഇന്ത്യയുടെ മറ്റൊരു വിമാനം വൈകീട്ട് റൊമാനിയയിലേക്ക് പുറപ്പെടാനിരിക്കുകയാണ്. യുക്രൈനിൽ നിന്നെത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ താമസസൗകര്യം ഒരുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 17 മലയാളികൾ ഡൽഹിയിലും 19 പേർ മുംബൈയിലുമാണ് എത്തുന്നത്.